തിരുവനന്തപുരം
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. പൊതുയോഗത്തിൽ ഭരണ സമിതി അവതരിപ്പിച്ച അജൻഡ പാസാകാത്തതിനെത്തുടർന്ന് ബാങ്ക് പ്രസിഡന്റ് കെപിസിസി സെക്രട്ടറി സോളമൻ അലക്സ് രാജിവച്ചു. അംഗമായ പ്രൊഫ. കെ എ ആന്റണിയും രാജി പ്രഖ്യാപിച്ചതോടെ ഭരണ സമിതി അസ്ഥിരമായി. ദീർഘകാലമായി നിയന്ത്രണത്തിലായിരുന്ന ബാങ്കാണ് യുഡിഎഫിന് നഷ്ടമായത്. ഭരണപ്രതിസന്ധി ഒഴിവാക്കാമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ സഹകരണ രജിസ്ട്രാർക്കും മാനേജിങ് ഡയറക്ടർക്കും കത്ത് നൽകി.
വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ഭരണ സമിതി അവതരിപ്പിച്ച അജൻഡ തള്ളിയത്. ഭരണ സമിതിക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ്, ബജറ്റ്, ഓഡിറ്റ് റിപ്പോർട്ട്, കണക്ക് ഉൾപ്പെടെയുള്ളവയായിരുന്നു അജൻഡ. അവിശ്വാസ പ്രമേയം ഒരുമാസം കഴിഞ്ഞ് പരിഗണിച്ചാൽമതിയെന്ന് ബുധനാഴ്ച ഹൈക്കോടതി നിർദേശിച്ചിരുന്നു. ഭരണ സമിതി അംഗം കെ ശിവദാസൻനായർ ഉൾപ്പെടെ മൂന്നുപേരുടെ ഹർജിയിലായിരുന്നു നിർദേശം. 75 അംഗങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ ഇത് ഒഴികെയുള്ള അജൻഡ അവതരിപ്പിച്ചെങ്കിലും അംഗങ്ങൾ ചോദ്യം ചെയ്തു.
അജൻഡ പാസാക്കുന്നത് വോട്ടിനിടാൻ പ്രസിഡന്റ് തയ്യാറായി. ഇതിനെ എതിർത്ത് കെ ശിവദാസൻനായരുടെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. രഹസ്യ ബാലറ്റിൽ നടന്ന വോട്ടെടുപ്പിൽ പ്രസിഡന്റ് ഉൾപ്പെടെ 40 പേർ അജൻഡയെ എതിർത്ത് വോട്ട് ചെയ്തു. കേരള കോൺഗ്രസിലെ ആറ് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തു. അജൻഡ എതിർത്തവർക്ക് ഭൂരിപക്ഷമുള്ളതായി അറിയിച്ച പ്രസിഡന്റ് തന്റെ രാജിയും പൊതുയോഗത്തിൽ പ്രഖ്യാപിച്ചു.
ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്, വാർഷിക റിപ്പോർട്ട്, കണക്ക് ഉൾപ്പെടെ പാസാക്കാനാകാതെയാണ് പ്രസിഡന്റ് രാജിവച്ചതും ഭരണ സമിതി അസ്ഥിരമായതും. തുടർന്ന് ഭരണ സമിതിയിലെ സർക്കാർ പ്രതിനിധികളായ ഇ ജി മോഹനൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ തുടങ്ങിയവരാണ് ഭരണ പ്രതിസന്ധി ഒഴിവാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നു കാട്ടി കത്ത് നൽകിയത്. രണ്ട് ഇടവേളയിൽ മാത്രമാണ് ബാങ്കിൽ എൽഡിഎഫിന് ഭരണ സമിതി ഉണ്ടായിരുന്നത്.
കാർഷിക ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഡി കൃഷ്ണകുമാറിനാണ് ചുമതല. പ്രസിഡന്റിന്റെ രാജിയെത്തുടർന്നുണ്ടായ ഭരണസ്തംഭനം ഒഴിവാക്കാനാണിത്.