കൊച്ചി
വിനോദസഞ്ചാരവകുപ്പും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടപ്പാക്കുന്ന കാരവാൻ ടൂറിസം പദ്ധതി വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എറണാകുളം ബോൾഗാട്ടി പാലസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇനിയും അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്തും. ഓരോ പഞ്ചായത്തിലും ഇത്തരത്തിലുള്ള ഒന്നിലധികം കേന്ദ്രങ്ങൾ കണ്ടെത്തും. ഓരോ ഗ്രാമത്തിൽ ഒരു കാരവാൻ പാർക്കാണ് ലക്ഷ്യം. 50 സെന്റ് സ്ഥലത്ത് ഒരു കാരവാൻ പാർക്ക് സജ്ജീകരിച്ച് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങി കാരവാനിലേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. നിരവധിപേർക്ക് തൊഴിലവസരങ്ങളും ലഭിക്കും. രണ്ടുപേർക്കും നാലുപേർക്കും താമസിക്കാവുന്ന കാരവാനുകളാണ് പദ്ധതിയിലുണ്ടാകുക. കാരവാൻ രജിസ്ട്രേഷൻ അടക്കമുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കാനാകണം.
ഗതാഗതവകുപ്പുമായി ചേർന്ന് നിരവധി പദ്ധതികളാണ് ടൂറിസംവകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്നുപതിറ്റാണ്ടുമുമ്പ് ഹൗസ്ബോട്ട് എന്ന ആശയത്തിനുശേഷം നവീനമായ ആശയമാണ് കാരവാൻ ടൂറിസം. കോവിഡിനെ തുടർന്ന് തകർച്ചയിലായ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. അഞ്ചു വർഷത്തിനകം സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. വിദേശസഞ്ചാരികളോടൊപ്പം ആഭ്യന്തര വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തും. –-മന്ത്രി പറഞ്ഞു.
പരവതാനി വിരിച്ച് ഗതാഗതവകുപ്പ്
ടൂറിസംവകുപ്പിന്റെ അംഗീകാരമുള്ള കാരവാന് ഗ്രീൻചാനൽ പാതയിലൂടെ രജിസ്ട്രേഷൻ നടപടികൾ 24 മണിക്കൂറിനകം പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കാരവാൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഭ്യർഥനപ്രകാരം കാരവാന്റെ നികുതി സ്ക്വയർ മീറ്ററിന് 1000 രൂപയിൽനിന്ന് 250 രൂപയായി കുറയ്ക്കുന്നതിന് അംഗീകാരം നൽകുന്നതായും മന്ത്രി അറിയിച്ചു.
കാരവാൻ ടൂറിസം പദ്ധതിയുൾപ്പെടുന്ന കാരവാനുകൾക്ക് ടൂറിസംവകുപ്പിന്റെ അംഗീകാരമുള്ള ലോഗോ നൽകും. ഇത്തരം ലോഗോയുള്ള കാരവാനുകളെ അനാവശ്യ വാഹന പരിശോധനയിൽനിന്ന് ഒഴിവാക്കി ഗ്രീൻ ചാനൽ യാത്ര അനുവദിക്കും. ജോയിന്റ് ആർടിഒയ്ക്ക് താഴെയുള്ള ഉദ്യോഗസ്ഥർ ഇത്തരം കാരവാനുകൾ പരിശോധിക്കേണ്ടതില്ല. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് ഫുഡി വീൽസ് പദ്ധതിയും നടപ്പാക്കും. പഴയ കെഎസ്ആർടിസി വാഹനങ്ങളിൽ റെസ്റ്റോറന്റ് സൗകര്യവും റൂഫ് ഗാർഡനും ഏർപ്പെടുത്തുന്ന സംവിധാനമാണിത്. കെട്ടിടം നിർമിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ ഇത്തരം റെസ്റ്റോറന്റുകൾ ആരംഭിക്കാൻ കഴിയും. കാരവാൻ പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിൽ അവബോധം നൽകാനാണ് കേരളത്തിലെ 14 ജില്ലകളിൽനിന്നുമുള്ള മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കായി ശിൽപ്പശാല സംഘടിപ്പിച്ചത്. അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ പി എസ് പ്രമോദ് ശങ്കറിനെ കാരവാൻ കേരള പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചു. ഹൈബി ഈഡൻ എംപി, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബർ, പഞ്ചായത്ത് അംഗം നിക്കോളാസ് ഡികൂത്ത്, ട്രാൻസ്പോർട്ട് കമീഷണർ എം ആർ അജിത് കുമാർ, അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ പി എസ് പ്രമോജ് ശങ്കർ, ടൂറിസംവകുപ്പ് ഡയറക്ടർ വി ആർ കൃഷ്ണതേജ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.