കൊച്ചി
മലബാർ കലാപത്തെ ഹിന്ദു–-മുസ്ലിം സംഘർഷമാക്കാൻ ശ്രമിക്കുന്നത് ഹിന്ദുത്വ വർഗീയശക്തികളും പൊളിറ്റിക്കല് ഇസ്ലാമിസ്റ്റുകളുമാണെന്ന് സ്പീക്കർ എം ബി രാജേഷ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ മലബാർ പ്രക്ഷോഭത്തെ നിരാകരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മലബാർ കലാപം നടക്കുമ്പോൾ വർഗീയ ലഹളയായി ചിത്രീകരിച്ചത് ബ്രീട്ടിഷുകാരാണ്. ബ്രീട്ടിഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ നയം പിന്തുടർന്ന് രാഷ്ട്രീയലാഭമുണ്ടാക്കാനാണ് ഹിന്ദുത്വ വർഗീയശക്തികളും പൊളിറ്റിക്കല് ഇസ്ലാമിസ്റ്റുകളും ശ്രമിക്കുന്നത്. സാമ്രാജ്യത്വ, ജന്മിത്വ വിരുദ്ധമായി നടന്ന മലബാർ കലാപത്തിന്റെ ചരിത്ര യാഥാർഥ്യത്തെ അവർ മനഃപൂർവം തമസ്കരിക്കുന്നു. ഇതിനായി മലബാർ കലാപത്തെക്കുറിച്ചുള്ള പുസ്തകങ്ങളിൽനിന്ന് ചില സന്ദർഭങ്ങൾമാത്രം അടർത്തിയെടുത്ത് ഉദാഹരിക്കുകയും പുസ്തകത്തിന്റെ ഉള്ളടക്കത്തെ തമസ്കരിക്കുകയും ചെയ്യുന്നു.
വർഗീയധ്രുവീകരണമുണ്ടാക്കാൻ മലബാർ കലാപത്തിന്റെ ദുർവായനയെ ആയുധമാക്കുകയാണിവർ ചെയ്യുന്നത്.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അധ്യക്ഷയായി. മഹാരാജാസ് കോളേജ് ചരിത്രവിഭാഗം പ്രൊഫ. എ എം ഷിനാസ് മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോളമൻ സിജു, പി ബി രതീഷ്, എൽ ആദർശ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. ലിറ്റീഷ്യ ഫ്രാൻസിസ്, അഡ്വ. ഖദീജ റിഷബത്ത് എന്നിവർ സംസാരിച്ചു.