കൊച്ചി
മതസംഘർഷങ്ങൾ രൂപപ്പെടുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, കല, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ കേരളീയ സമൂഹത്തെ ശാക്തീകരിച്ച നവോത്ഥാന നായകനാണ് ചാവറയച്ചനെന്നും അദ്ദേഹം അനുസ്മരിച്ചു.
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന മഹത്തായ ആശയത്തിലൂടെ കേരളത്തെ സാർവത്രിക വിദ്യാഭ്യാസ വഴികളിലേക്കു ചാവറയച്ചൻ നയിച്ചു. ജി ശങ്കരക്കുറുപ്പ്, എം കെ സാനു ഉൾപ്പെടെയുള്ളവരുടെ പ്രോത്സാഹനത്തിലാണ് സിഎംഐ സഭ സെന്റർ ആരംഭിച്ചത്. നവോത്ഥാന മൂല്യങ്ങളുടെ തുടർച്ചയാകാൻ ചാവറയ്ക്കു സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ്, വി എൻ വാസവൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ, ടി ജെ വിനോദ് എംഎൽഎ, പ്രൊഫ. എം കെ സാനു, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, അടൂർ ഗോപാലകൃഷ്ണൻ, ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ, ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ റവ. ഡോ. മാർട്ടിൻ മള്ളാത്ത്, ഫാ. തോമസ് പുതുശേരി, പ്രൊഫ. എം തോമസ് മാത്യു, ജോൺപോൾ, ലാൽജോസ്, മുഹമ്മദ് ഷിയാസ്, സിസ്റ്റർ ഡോ. വിനീത, ഫാ. ബിജു വടക്കേൽ, പി രാമചന്ദ്രൻ, സി ജി രാജഗോപാൽ, സിഐസിസി ജയചന്ദ്രൻ, സിസ്റ്റർ ട്രിസാന്റാ എന്നിവർ സംസാരിച്ചു. ജൂബിലി ഗാനം വി ഡി സതീശൻ പ്രകാശിപ്പിച്ചു.