ന്യൂഡൽഹി
ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ സൂപ്പർ താരങ്ങളായ രുപീന്ദർ പാൽ സിങ്ങും ബിരേന്ദ്ര ലക്രയും ദേശീയ കുപ്പായമഴിച്ചു. ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ സംഘത്തിലെ പ്രധാന പ്രതിരോധക്കാരാണ് ഇരുവരും. യുവകളിക്കാർക്ക് അവസരമൊരുക്കാനാണ് ദേശീയ ടീമിന്റെ പടിയിറങ്ങുന്നതെന്ന് ഇരുവരും അറിയിച്ചു.
പതിനൊന്ന് വർഷമായി ഇന്ത്യക്കായി കളിക്കുന്ന രുപീന്ദർ പെനൽറ്റി കോർണർ വിദഗ്ധൻകൂടിയാണ്. ടോക്യോയിൽ വെങ്കലപ്പോരിൽ ഉൾപ്പെടെ നാല് ഗോളടിച്ചു. 223 മത്സരങ്ങൾ കളിച്ചു ഈ മുപ്പതുകാരൻ. 2012 മുതൽ ഇന്ത്യൻ പ്രതിരോധത്തിലുണ്ട് ലക്ര. 197 മത്സരങ്ങളിലിറങ്ങി.















