ഗോൾഡ് കോസ്റ്റ്
മഴകാരണം കളി മുടങ്ങിയെങ്കിലും ഓസ്ട്രേലിയക്കെതിരായ പകൽ–രാത്രി ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാംദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 132 റണ്ണെടുത്തു. 80 റണ്ണുമായി ക്രീസിലുള്ള സ്–മൃതി മന്ദാനയാണ് നല്ല തുടക്കം നൽകിയത്. പൂനം റാവത്താണ് (16*) മന്ദാനയ്ക്ക് കൂട്ട്. ഷഫാലി വർമ 31 റണ്ണിന് പുറത്തായി. ആദ്യ പിങ്ക് പന്ത് ടെസ്റ്റിനിറങ്ങിയ ഇന്ത്യയെ ടോസ് നേടിയ ഓസീസ് ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ മന്ദാനയും ഷഫാലിയും 93 റൺ ചേർത്തു. സോഫി മൊളിനെക്സാണ് ഷഫാലിയെ മടക്കിയത്. അനായാസമായിരുന്നു മന്ദാനയുടെ ബാറ്റിങ്. ഒരു സിക്സറും 15 ഫോറും ഈ ഇരുപത്തഞ്ചുകാരി പറത്തി.















