ന്യൂഡൽഹി
പ്രതിഷേധത്തിന്റെ പേരിൽ ഡൽഹി–-ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) റോഡുകൾ ശാശ്വതമായി അടച്ചിടുന്നത് ശരിയാണോയെന്ന് സുപ്രീംകോടതി. തർക്കം നിയമപരമായോ പാർലമെന്റ് വഴിയോ പരിഹരിക്കണം. റോഡ് തടസ്സപ്പെടുത്തൽ സ്ഥിരം നടപടിയാക്കരുതെന്നും- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
തർക്കം പരിഹരിക്കാൻ ഉന്നതതലസമിതി രൂപീകരിച്ചിട്ടും “പ്രതിഷേധക്കാർ’ സഹകരിക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർജനറൽ തുഷാർമെഹ്ത അവകാശപ്പെട്ടു. കേസിൽ “പ്രതിഷേധക്കാരെ’കക്ഷിചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിങ്കളാഴ്ചയും വാദംകേള്ക്കും. കർഷക പ്രക്ഷോഭം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ച് നോയിഡ സ്വദേശിനി സമർപ്പിച്ച ഹർജിയിലാണ് കോടതി നിരീക്ഷണം.നേരത്തേ ഷഹീൻബാഗ് കേസിൽ പ്രതിഷേധങ്ങളുടെ പേരിൽ പൊതുവഴി തടസ്സപ്പെടുത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.