ന്യൂഡൽഹി
മുതിർന്ന നേതാവ് കപിൽ സിബലിന്റെ വീട് ആക്രമിച്ച യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ നടപടി തനി തെമ്മാടിത്തമെന്ന് തുറന്നടിച്ച് “ജി23′ നേതാക്കൾ. ഹൈക്കമാൻഡിന്റെ പിടിപ്പുകേട് ചോദ്യംചെയ്യുന്ന ജി23 നേതാക്കൾ ശക്തമായ നീക്കത്തിന് ഒരുങ്ങുന്നതായാണ് സൂചന.
“സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താൻ കോൺഗ്രസിൽ എക്കാലവും സ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത അഭിപ്രായം ഉയർത്താനുള്ള അവകാശം ജനാധിപത്യം നൽകുന്നു. അസഹിഷ്ണുതയും അക്രമവും കോൺഗ്രസിന്റെ സ്വഭാവമല്ല. കരുതിക്കൂട്ടിയുള്ള തെമ്മാടിത്തമാണിത്’ –– മുതിര്ന്ന നേതാവ് ആനന്ദ് ശർമ ട്വീറ്റ് ചെയ്തു.
നേതൃത്വത്തിന്റെ ചെയ്തികൾ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ പ്രവർത്തകർ കാണിച്ച തെമ്മാടിത്തരത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് മനീഷ് തീവാരി ട്വീറ്റ് ചെയ്തു. പാര്ടി നേതൃത്വത്തിന് ഹിതമല്ലാത്തത് പറഞ്ഞതിനാലാണ് ആക്രമമുണ്ടായതെന്ന് കോണ്ഗ്രസ് ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച അമരീന്ദര് സിങ് പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് മുദ്രാവക്യം വിളിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കപിൽ സിബലിന്റെ വീട്ടിലേക്ക് തക്കാളിയും കല്ലും വലിച്ചെറിഞ്ഞത്. ഗേറ്റിനകത്ത് ചാടിക്കടന്ന് കാർ അടിച്ചുതകർത്തു. ഭ്രാന്ത് വേഗം മാറട്ടെയെും കോൺഗ്രസ് വിട്ടുപോകണമെന്നും മുദ്രാവാക്യം വിളിച്ചു. കപിൽസിബലിനെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം നവ്ജ്യോത് സിങ് സിദ്ദു രാജിവച്ചതിനെ തുടർന്ന് കോൺഗ്രസിലുണ്ടായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പ്രവർത്തകരുടെ നിലവിട്ട പെരുമാറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.