തിരുവനന്തപുരം
കെപിസിസി സെക്രട്ടറിയും സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായ സോളമൻ അലക്സ് കോൺഗ്രസ് വിട്ടു. യുഡിഎഫ് തിരുവനന്തപുരം ജില്ലാ മുൻ ചെയർമാനായിരുന്നു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ജനറൽ ബോഡി യോഗത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർക്ക് അയച്ചു. കെഎസ്യുവിലൂടെ സംഘടനാ രംഗത്ത് വന്ന തനിക്ക് അരനൂറ്റാണ്ടിലേറെയായി നിരന്തര അവഗണനയാണ് നേരിടേണ്ടിവന്നതെന്ന് സോളമൻ അലക്സ് പറഞ്ഞു. കോൺഗ്രസ് പ്രതിസന്ധി നേരിട്ട ഘട്ടത്തിലെല്ലാം നേതൃത്വത്തിന് ഒപ്പംനിനിന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു.
പുനഃസംഘടനയിലും പരിഗണിച്ചില്ല. ഡിസിസി പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അവസാന നിമിഷം വെട്ടി. നേതൃത്വത്തിന്റെ വഞ്ചനയടക്കമുള്ളവയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ലളിത നെയ്യാറ്റിൻകര നഗരസഭയിൽ യുഡിഎഫിന്റെ മുൻപ്രതിപക്ഷ നേതാവായിരുന്നു. മകൻ ലിനോ അലക്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഒരു ജനറൽ സെക്രട്ടറിയടക്കം നാലാമത്തെ സെക്രട്ടറിയാണ് കോൺഗ്രസ് വിടുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മറ്റൊരു സെക്രട്ടറി പി എസ് പ്രശാന്ത് നേരത്തേ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു.