പാലക്കാട് > വ്യവസായ സംരംഭകരുടെ പരാതി സമയബന്ധിതമായി തീർപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി പി രാജീവ്. സംസ്ഥാന പരാതി പരിഹാര സമിതിക്ക് ലഭിക്കുന്ന പരാതി 30 ദിവസത്തിനകം പരിഹരിക്കണം. അടുത്ത 15 ദിവസത്തിനകം പരിഹാര നിർദേശവും നടപ്പാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് ദിവസം 250 രൂപ ഈടാക്കും. പരമാവധി 10,000 രൂപവരെ പിഴ ഈടാക്കും. നടപടി വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും പിഴയുണ്ടാകും. പിഴയ്ക്കുപുറമേ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്യും. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ‘മീറ്റ് ദ മിനിസ്റ്റർ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഞ്ചു കോടി രൂപവരെ മുതൽമുടക്കുള്ള വ്യവസായ സംരംഭങ്ങളെ സംബന്ധിച്ച പരാതി കലക്ടർ അധ്യക്ഷനായ സമിതിക്ക് തീർപ്പാക്കാം. അഞ്ചു കോടിക്ക് മുകളിൽ മുതൽമുടക്കുള്ള സംരംഭങ്ങള് സംബന്ധിച്ച പരാതി സംസ്ഥാന സമിതി തീർപ്പാക്കും. എല്ലാ വകുപ്പ് പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് രൂപീകരിക്കുന്ന സമിതിക്ക് സിവിൽ കോടതിയുടെ അധികാരം ഉണ്ടാകും. ജില്ലാതലത്തിൽ ലഭിക്കുന്ന പരാതിക്ക് ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം. 30 ദിവസത്തിനകം പരിഹരിക്കണം. പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ സംസ്ഥാന സമിതിക്ക് നൽകും. 100 കോടിക്ക് മുകളിൽ നിക്ഷേപം നടത്തുന്ന സംരംഭകന് നടപടി വേഗത്തിലാക്കാൻ സർക്കാർ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.
സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇൻഡസ്ട്രിയൽ ക്ലിനികും തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് താലൂക്ക് മുതലുള്ള ഉദ്യോഗസ്ഥർക്കും സംരംഭകർക്കും പരിശീലനം നൽകും. ജില്ലാ തലത്തിൽ വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാന് സ്റ്റാറ്റ്യൂട്ടറി ഗ്രിവൻസ് സംവിധാനവും പ്രത്യേക പരിശോധന നടത്താൻ സ്റ്റാറ്റ്യൂട്ടറി ഇൻസ്പെക്ഷനും ഏർപ്പെടുത്തും. വ്യവസായ സംരംഭങ്ങളുടെ അനുമതിയടക്കമുള്ള നടപടി സോഫ്റ്റ്വെയറിലൂടെ ഏകോപിപ്പിക്കും. സൂക്ഷ്മ സംരംഭങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളും പ്രോത്സാഹിപ്പിക്കണം. സംരംഭങ്ങളുമായി ബന്ധപ്പെട്ട ഭൂമി സ്വതന്ത്രമായി ക്രയവിക്രയം നടത്താൻ ലാൻഡ് അലോട്ട്മെന്റ് നയം രൂപീകരിക്കുമെന്നും പി രാജീവ് പറഞ്ഞു.