അമ്പലപ്പുഴ> ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും ഓരോവർഷവും ഒരുലക്ഷം വീടുകൾ നിർധനർക്ക് നിർമിച്ചുനൽകാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീ സത്യസായി വാസ്തുധാരാ പ്രോജക്ടിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽകൈമാറ്റം ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലൈഫ് പദ്ധതിയിൽ 2.5 ലക്ഷം വീടുകൾ കഴിഞ്ഞ സർക്കാർ പൂർത്തീകരിച്ചു. പുതിയ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ 10,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 12,067 എണ്ണം പൂർത്തിയാക്കി.
ആമയിട കോളനിയിൽ സത്യസായി ട്രസ്റ്റ് നിർമിച്ചുനൽകുന്ന 59 വീടാണ് കൈമാറിയത്. ഒന്നാം ഘട്ടത്തിൽ 14 വീടുകളുടെ താക്കോൽ കൈമാറിയിരുന്നു. സത്യസേവാ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ഫിഷറീസ്മന്ത്രി സജി ചെറിയാൻ പ്രോജക്ട് ഓൺലൈനായി സമർപ്പിച്ചു. സത്യ സേവാ ഓർഗനൈസേഷൻ ഓൾ ഇന്ത്യാ പ്രസിഡന്റ് നിമിഷ് പാണ്ഡ്യ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് മനോജ് മാധവൻ, കലക്ടർ എ അലക്സാണ്ടർ, ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ്, സത്യസായി ട്രസ്റ്റ് കൺവീനർ ജി സതീഷ്നായർ, നാഷണൽ കൗൺസിൽ മെമ്പർ ഇ മുകുന്ദൻ, കൊടേസ്വര റാവു, ജി സതീഷ്നായർ, അഡ്വ. ഷീബ രാകേഷ്, കെ കവിത, പി അഞ്ജു, ആർ ജയരാജ്, രാമചന്ദ്രൻപിള്ള, പ്രേംസായി ഹരിദാസ്, എസ് ചന്ദ്രകുമാർ, ഗോപിനാഥൻനായർ, മനോജ്കുമാർ, എ ജി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയർമാൻ ജി ശങ്കറിനെ അനുമോദിച്ചു.