ഐപിഎല്ലിൽ ഡൽഹി-കൊൽക്കത്ത മത്സരത്തിനിടെ കെകെആർ ക്യാപ്റ്റൻ ഇയോൻ മോർഗനുമായുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഭവങ്ങളിൽ ഓസ്ട്രേലിയൻ മാധ്യമങ്ങൾ തന്നെ വില്ലനെന്ന് വിളിച്ചതിന് പിറകെ സംഭവത്തിൽ ശക്തമായ വാക്കുകളിൽ മറുപടിയുമായി സ്പിന്നർ ആർ അശ്വിൻ. ട്വിറ്ററിലൂടെയാണ് പുതിയ വിവാദങ്ങളിൽ തനിക്ക് പറയാനുള്ളത് അശ്വിൻ വ്യക്തമാക്കിയത്.
“ഞാൻ യുദ്ധം ചെയ്തോ? ഇല്ല, ഞാൻ എനിക്കുവേണ്ടി നിലകൊണ്ടു, അതാണ് എന്റെ അധ്യാപകരും രക്ഷിതാക്കളും എന്നെ പഠിപ്പിച്ചത്, ഒപ്പം നിങ്ങളുടെ കുട്ടികളെ സ്വയം നിലകൊള്ളാൻ പഠിപ്പിക്കുക. മോർഗന്റെ അല്ലെങ്കിൽ സൗത്തിയുടെ ക്രിക്കറ്റ് ലോകത്ത്, അവർക്ക് ശരിയോ തെറ്റോ എന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കാനും അതിൽ ഉറച്ചുനിൽക്കാനും കഴിയും, പക്ഷേ ധാർമ്മികമായ ഉന്നത സ്ഥാനം ഏറ്റെടുക്കാനും അപമാനകരമായ വാക്കുകൾ ഉപയോഗിക്കാനും അവർക്ക് അവകാശമില്ല,” ട്വീറ്റുകളുടെ പരമ്പരയിൽ അശ്വിൻ പറഞ്ഞു.
“മോർഗൻ പറഞ്ഞതുപോലെ ഞാൻ ഒരു അപമാനമോണോ? തീർച്ചയായും അല്ല,” അശ്വിൻ കുറിച്ചു. ” മൈതാനത്ത് നിങ്ങളുടെ ഹൃദയവും ആത്മാവും നൽകുകയും കളിയുടെ നിയമങ്ങൾക്കനുസരിച്ച് കളിക്കുകയും മത്സരം കഴിഞ്ഞാൽ നിങ്ങൾ ഹസ്തദാനം നൽകുകയും ചെയ്യുക. മേൽപ്പറഞ്ഞവ മാത്രമാണ് ഞാൻ മനസ്സിലാക്കുന്ന ‘ഗെയിം സ്പിരിറ്റ്,” അശ്വിൻ പറഞ്ഞു.
ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന്റെ 19 -ാം ഓവറിൽ രവിചന്ദ്രൻ അശ്വിൻ നേടിയ ഒരു സിംഗിളാണ് ചർച്ചകൾക്ക് വഴി വെച്ചത്.
ഓവറിന്റെ അവസാന പന്തിൽ ത്രിപാഠി ഫീൽഡ് ചെയ്ത് എറിഞ്ഞു നൽകിയ പന്ത് റിഷഭ് പന്തിന്റെ ദേഹത്ത് തട്ടി ദിശമാറിയപ്പോൾ അശ്വിൻ സിംഗിൾ നേടുകയായിരുന്നു. തുടർന്ന് കെകെആർ ക്യാപ്റ്റൻ ഓയിൻ മോർഗനും ബൗളർ ടിം സൗത്തിയും അശ്വിനുമായി തർക്കിച്ചു. അടുത്ത ഇന്നിങ്സിൽ അശ്വിൻ മോർഗനെ പുറത്താക്കിയപ്പോഴും ആ തർക്കം തുടർന്നു. മത്സര ശേഷം സംഭവത്തെ കുറിച്ചു ഓയിൻ മോർഗൻ ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ തർക്കം ഗ്രൗണ്ടിനു പുറത്തേക്കും എത്തി.
“ഞാൻ കാണുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല!! വളർന്നു വരുന്ന കൊച്ചുകുട്ടികൾക്കുള്ള മോശം മാതൃക. കാലക്രമേണ, അശ്വിൻ അതിനു ഖേദിക്കുമെന്ന് ഞാൻ കരുതുന്നു,” എന്നായിരുന്നു മോർഗന്റെ ട്വീറ്റ്.
Also Read: അടുത്ത രണ്ട് ട്വന്റി 20 ലോകകപ്പുകളില്‍ അയാള്‍ ഇന്ത്യയെ നയിക്കണം: സുനില്‍ ഗവാസ്കര്‍
മോർഗന്റെ ട്വീറ്റിന് രണ്ടു തരത്തിലാണ് ആരാധകർ പ്രതികരിച്ചത്. പല മറുപടികളിലും 2019 ലോകകപ്പ് ഫൈനലിനെ കുറിച്ചുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു.
സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും വിവാദം കെട്ടടങ്ങിയിരുന്നില്ല. സംഭവത്തിൽ ഷെയിൻ വോൺ ഉൾപ്പടെയുള്ള താരങ്ങൾ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. “ഈ വിഷയത്തിലും അശ്വിനിലും ലോകം വിഭജിക്കപ്പെടരുത്. ഇത് വളരെ ലളിതമാണ് – ഇത് അപമാനകരമാണ് ഒരിക്കലും സംഭവിക്കേണ്ടാതത്തരുത്. എന്തുകൊണ്ടാണ് അശ്വിൻ വീണ്ടും ആ ആളാകുന്നത്? ഞാൻ കരുതുന്നത് ഇയോൺ മോർഗന് അശ്വിനെതിരെ പറയാനുള്ള അവകാശവുമുണ്ടെന്നാണ്,” എന്നായിരുന്നു ഷെയിൻവോൺ പറഞ്ഞത്.
ഷെയിൻ വോണിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതിനിടെ വോണിന്റെ ട്വീറ്റിനെ ഉദ്ധരിച്ച് ഓസ്ട്രലിയൻ മാധ്യമം ഫോക്സ് അശ്വിനെ ‘വില്ലൻ; എന്ന് വിശേഷിപ്പിച്ച് വാർത്ത നൽകുകയും ചെയ്തിരുന്നു. “‘നാണക്കേട്’: തീക്ഷ്ണമായ പോരാട്ടത്തിൽ ഇന്ത്യൻ വില്ലൻ വീണ്ടും ക്രിക്കറ്റിന്റെ ആദർശം തകർക്കുന്നു.” എന്നായിരുന്നു തലക്കെട്ട്.
2019ലെ ഐപിഎല്ലിൽ പഞ്ചാബിന് വേണ്ടി കളിക്കുകയായിരുന്ന അശ്വിൻ ബോളിങ്ങിനിടയിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയതും പരാമർശിച്ചു കൊണ്ടായിരുന്നു ഫോക്സിന്റെ വാർത്ത.
The post ‘മോർഗൻ പറഞ്ഞതുപോലെ ഞാൻ ഒരു അപമാനമോണോ;’ മോർഗനെ ശക്തമായ ഭാഷയിൽ വിമർശിച്ച് അശ്വിൻ appeared first on Indian Express Malayalam.