മോൻസൺ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞു. തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. മോൻസണെ അറിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. വിഷയത്തിൽ പ്രതികരിക്കരുതെന്ന് നേതാക്കളോട് താൻതന്നെയാണ് പറഞ്ഞതെന്ന് സുധാകരൻ പാലക്കാട് പറഞ്ഞു.
Also Read:
മോൻസൺ പെരുംകള്ളനാണെന്ന് നേരത്തെ സുധാകരൻ പറഞ്ഞിരുന്നു. മോൻസണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സയ്ക്കായി അഞ്ച് ദിവസമാണ് പോയത്. പത്ത് ദിവസം പോയിട്ടില്ല. അസുഖം ഭേദമായതുമില്ല. വ്യാജ ചികിത്സയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സുധാകരൻ പറഞ്ഞു.
മോൻസണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്നുകണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ താങ്ങുന്നവർ മോൻസണെ കണ്ടിട്ടുണ്ട്. സർക്കാർ മോൻസണെ സംരക്ഷിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സിപിഎം വീണ്ടും ശ്രമം ആരംഭിച്ചെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിന്റെ തിരിച്ചുവരവിനെ സിപിഎം ഭയക്കുന്നു. പിണറായിക്കെതിരെയുള്ള ഫൈറ്റ് അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. മോൻസണുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധം എന്തുകൊണ്ടാണ് അന്വേഷിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാർ സംരക്ഷിക്കുന്ന തട്ടിപ്പുകാരനാണ് മോൻസണെന്നും തനിക്കെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.