സമ്മേളനകാലം ചർച്ചകൾക്ക് മാത്രമാകണം. വിവിധ സർവകലാശാല ഭേദഗതികൾ, ആരോഗ്യം, ചെറുകിട വ്യവസായം, കള്ള് ചെത്ത് തുടങ്ങിയ നിരവധി ബിൽല്ലുകൾ ഈ സമ്മേളനകാലത്ത് പരിഗണിക്കും. വ്യവസായ വികസന ബോർഡ് ബിൽ, കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബിൽ, കേരള പബ്ലിക് ഹെൽത്ത് ബിൽ, കേരള സംസ്ഥാന മെഡിക്കൽ പ്രാകടീഷണേഴ്സ് ബിൽ, കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ കേരള സൂക്ഷ്‌മ – ചെറുകിട – ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന പ്രധാന ബില്ലുകൾ.
45 ഓർഡിനൻസുകൾ നിലവിലുണ്ട്. കൊവിഡ് കേസുകളെ തുടർന്ന് നിയമസഭ ചേരാൻ കഴിയാതെ വന്നതോടെയാണ് ഓർഡിനൻസ് ഇറക്കേണ്ടിവന്നത്. ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ 2021ലെ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ, 2021ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, 2021ലെ കേരള നഗര – ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ, 2021ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2021ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, 2021ലെ കേരള പൊതു വിൽപ്പന നികുതി (ഭേദഗതി) ബിൽ, 2021ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ തുടങ്ങിയവ പരിഗണിക്കും.
കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ ‘ഇ-നിയമസഭ’ പ്രൊജക്ട് പൂർത്തീകരണത്തിലെക്ക് കടക്കുന്നതിൻ്റെ ഭാഗമായി സഭയിൽ നടക്കുന്ന എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിൻ്റെ ഔപചാരിക ലോഞ്ചിങ് കേരളപ്പിറവി ദിനമായി നവംബർ ഒന്നാം തീയതി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മൂന്നാം സമ്മേളനം കാലത്ത് നിയന്ത്രിതമായ നിലയിൽ സന്ദർശകരെ സഭയിൽ പ്രവേശിക്കും. ഇതിന് പുറമേ നിയമസഭയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്രത്തിൻ്റെ 75മത് വാർഷികം വിപുലമായി ആഘോഷിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.