തിരുവനന്തപുരം
കഴിഞ്ഞ സാമ്പത്തികവർഷം കേരള ബാങ്ക് 61.99 കോടി രൂപയുടെ അറ്റാദായം നേടി. നിക്ഷേപം 61,071 കോടിയിൽനിന്ന് 66,731 കോടി രൂപയായി. 9.27 ശതമാനം വർധന. 1,06,396 കോടി രൂപയുടെ ഇടപാട് നടത്തി. നിഷ്ക്രിയ ആസ്തി 25ൽനിന്ന് 14.40 ശതമാനമായി. മൊത്തം ബിസിനസിൽ 9.27 ശതമാനം വർധനയുണ്ട്. സാധാരണക്കാരുടെ ഇടപാടുകളിലൂടെയാണ് മാതൃകാപരമായ നേട്ടമുണ്ടാക്കിയതെന്ന് സഹകരണ മന്ത്രി വി എൻ വാസവനും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നബാഡ് വഴിയുള്ള പുനർവായ്പ 6058 കോടി രൂപയായി. 40.39 ശതമാനം വർധന. മുൻവർഷം 4315 കോടിയായിരുന്നു. ലയനസമയത്തെ 1151 കോടിയുടെ സഞ്ചിത നഷ്ടം 714 കോടിയായി. മൂലധന സ്വയംപര്യാപ്തത 6.26ൽനിന്ന് 10.18 ശതമാനമായി. കൃഷി, സേവനം, കച്ചവടം, ഗ്രാമീണ രംഗങ്ങളിൽ ചെറുകിട–-സൂക്ഷ്മ സംരംഭം, ഗ്രാമീണ ഭവന നിർമാണം തുടങ്ങി ചെറുകിട വായ്പകളിലൂടെ സഹകരണ സംഘങ്ങൾവഴിയും നേരിട്ടും 18,200 കോടി രൂപ വിതരണംചെയ്തു.
കാർഷിക മൂലധന വായ്പ
കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച നേരിടാൻ കേരള ബാങ്ക് വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ഉൽപ്പന്നസംഭരണം, സംസ്കരണം, വിപണനം, മൂല്യവർധന എന്നിവയ്ക്ക് സഹകരണ സംഘങ്ങൾക്ക് നാലു ശതമാനം പലിശയിലാണ് വായ്പ. കൃത്യതിരിച്ചടവിന് മൂന്നു ശതമാനം പലിശ സബ്സിഡിയുമുണ്ടാകും. ഫലത്തിൽ സംഘങ്ങൾക്ക് ഒരു ശതമാനം നിരക്കിൽ വായ്പ ലഭ്യമാകും.
ഭക്ഷ്യവിഭവ ഉൽപ്പാദനത്തിൽ ചെറുകിട, വനിതാ സംരംഭങ്ങൾക്കായി ‘കെ ബി മൈക്രോ ഫുഡ് പ്രോസസിങ് സ്കീം’ നടപ്പാക്കും. എംഎസ്എംഇ ഫിനാൻസ് പദ്ധതി, സ്കൂൾ വിദ്യാർഥികൾക്കായി ‘കെ ബി വിദ്യാനിധി’ എന്നിവയും ആരംഭിക്കും. ബാങ്കിൽ ലോകോത്തര നിലവാരമുള്ള ഡിജിറ്റൽ, മൊബൈൽ ബാങ്കിങ് സംവിധാനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാകും.സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി ബി നൂഹ്, കേരള ബാങ്ക് സിഇഒ പി എസ് രാജൻ, സിജിഎം കെ സി സഹദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കേരള ബാങ്ക്: പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി
കേരള ബാങ്കിന്റെ ലോഗോ ആലേഖനം ചെയ്ത പ്രത്യേക തപാൽ സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. സഹകരണ മന്ത്രി വി എൻ വാസവൻ, കേരള സർക്കിൾ ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ ഷൂലി ബർമൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ പി എസ് രാജൻ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ, ജനറൽ മാനേജർ പി കെ റോയി എന്നിവർ പങ്കെടുത്തു. പ്രമുഖ ധനകാര്യ സ്ഥാപനമെന്ന നിലയിൽ സംസ്ഥാനത്തെ കേരള ബാങ്കിന്റെ ഇടപെടലുകൾ പരിഗണിച്ചാണ് പ്രത്യേക സ്റ്റാമ്പ് ഇറക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചത്.