തിരുവനന്തപുരം
സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തമ്മിലടി പരിഹരിക്കാതെ പുനഃസംഘടന സുഗമമാകില്ലെന്നും ഹൈക്കമാൻഡിനെ അറിയിച്ചു. നേതാക്കൾ തമ്മിൽ ആശയവിനിമയത്തിൽ വിടവുള്ളതിനാൽ പുനഃസംഘടനയുമായി മുന്നോട്ടുപോയാൽ കൂടുതൽ സംഘർഷമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
കെപിസിസി, ഡിസിസി പുനഃസംഘടന വേഗത്തിലാക്കാൻ സംസ്ഥാനത്ത് ചർച്ചയ്ക്കെത്തിയ താരിഖ് അൻവർ യഥാർഥ സ്ഥിതി അറിയിച്ചതോടെ ഹൈക്കമാൻഡ് പ്രതിസന്ധിയിലായി. വി എം സുധീരന്റെ രാജിയിലും മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂക്ഷ പ്രതികരണത്തിലും കടുത്ത അതൃപ്തിയുള്ള ഹൈക്കമാൻഡ്, പുതിയ നേതൃത്വത്തിനെതിരെ വ്യാപക പരാതിയുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ്.എഐസിസി അംഗത്വത്തിൽനിന്നുള്ള സുധീരന്റെ രാജി ഹൈക്കമാൻഡ് തള്ളിയെന്നാണ് വിവരം.
സുധീരൻ പ്രതികരിച്ചിട്ടില്ല. മുതിർന്ന നേതാക്കൾ ശൈലീമാറ്റത്തോട് മുഖം തിരിക്കുകയും പുതിയ നേതൃത്വത്തിന് വഴിമുടക്കുകയുമാണെന്ന് കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന് വിശദീകരണം നൽകി. ഇതിനിടെ, പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള ദുരൂഹ ഇടപാടുകളിൽ കൂടുതൽ വെളിപ്പെടുത്തൽ വന്നതോടെ കെ സുധാകരൻ പ്രതിരോധത്തിലായി. തട്ടിപ്പുകേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബെന്നി ബഹനാനെ സുധാകരൻ പരസ്യമായി തള്ളി. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾക്ക് സുധാകരനെതിരെ അന്വേഷണം വേണമെന്ന നിലപാടാണ്. മോൻസൺ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ കെ സുധാകരനെതിരെ കൂടുതൽ നേതാക്കൾ പരസ്യപ്രതികരണത്തിന് മുതിരും.
സെമികേഡർ അംഗീകരിച്ചിട്ടില്ല
കേരളത്തിലെ കോൺഗ്രസിൽ സെമികേഡർ സംവിധാനം നടപ്പാക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. ഹൈക്കമാൻഡിന് ഈ വിഷയം കൂടുതൽ പരിശോധിക്കേണ്ടിവരും. ഡിസിസി നിയമനത്തിലുള്ള പ്രശ്നം തീർന്നിട്ടില്ല. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.