കൊച്ചി
വ്യാജ പുരാവസ്തുക്കളുടെ ശേഖരവും മ്യൂസിയം നിർമാണവും മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകൾക്ക് മറ മാത്രമായിരുന്നെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. പുരാവസ്തുക്കളെന്ന പേരിൽ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ച് മറ്റു രീതിയിലുള്ള പണം തട്ടിപ്പിനാണ് ഇയാൾ ശ്രമിച്ചതെന്നും രണ്ടു ദിവസത്തെ ചോദ്യംചെയ്യലിൽ വ്യക്തമായതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികരിച്ചു. എച്ച്എസ്ബിസി ബാങ്കിന്റെ പേരിലുള്ള വ്യാജരേഖ ചമച്ച കേസിൽ മോൻസൺ മാവുങ്കലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. പരാതിക്കാരിൽനിന്ന് പണം തട്ടാൻ എച്ച്എസ്ബിസി ബാങ്കിന്റെ സീൽ പതിച്ച രേഖ നിർമിച്ചിരുന്നു. അക്കൗണ്ടിലെ വൻതുക വിദേശവിനിമയ നിയമ (ഫെമ) പ്ര കാരം തടഞ്ഞിരിക്കുകയാണെന്നും അത് വിട്ടുകിട്ടാനുള്ള നിയമനടപടികൾക്ക് സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരിൽനിന്ന് 10 കോടി രൂപ തട്ടിയത്. വി ജെ പട്ടേൽ, മോൻസൺ മാവുങ്കൽ എന്നിവരുടെ അക്കൗണ്ടിൽ 2,62,600 കോടി രൂപയുള്ളതായാണ് രേഖ ചമച്ചിരുന്നത്.
നൂപ് അഹമ്മദ്, ഷാനി മോൻ എന്നിവർക്ക് രേഖകൾ കൈമാറുകയും ചെയ്തത് മോൻസണെതിരായ പ്രധാന തെളിവാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലും വ്യാജരേഖ ചമച്ചിരുന്നു. വ്യാജ പുരാവസ്തുക്കൾ വിറ്റ് കബളിപ്പിച്ചതായി പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മോൻസണെ വ്യാഴാഴ്ചയും ചോദ്യംചെയ്യും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ വ്യാഴാഴ്ചതന്നെ കോടതിയിൽ ഹാജരാക്കും.
തണൽ വിരിക്കാൻ കേന്ദ്ര ബന്ധങ്ങളും
മോൻസൺ മാവുങ്കലിന്റെ ഡൽഹിയിലെ പ്രവർത്തനങ്ങൾക്ക് തണലാകുന്നത് കേന്ദ്ര ഉന്നത ബന്ധങ്ങൾ. വിമാനത്താവളത്തിലെ ഗ്രീൻ ചാനലും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളുമെല്ലാം സുലഭമായി ഉപയോഗിക്കാൻ ഇയാൾക്ക് സഹായകമായത് കേന്ദ്രസർക്കാരിലുള്ള സ്വാധീനമാണ്. കേസിലെ പരാതിക്കാരായ യാക്കൂബും അനൂപും ഡൽഹിയിലെത്തിയപ്പോൾ ഗ്രീൻ ചാനലിലൂടെയാണ് പുറത്തെത്തിച്ചത്. ഹോട്ടലിലേക്ക് പോകാൻ നാഗാലാൻഡിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വാഹനമാണ് എത്തിയത്. ഇത്തരത്തിൽ ഡൽഹിയിൽ എല്ലാ സൗകര്യങ്ങളും മോൻസണ് ലഭിക്കുന്നുണ്ട്. അനൂപിനെയും യാക്കൂബിനെയും വിശ്വസിപ്പിക്കാനായി ഫെമ ഉദ്യോഗസ്ഥരെയും മോൻസൺ അവതരിപ്പിച്ചിരുന്നു.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് മോൻസണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കാനാവില്ല. യുപിഎ സർക്കാരിൽ മന്ത്രിമാരായിരുന്ന എ കെ ആന്റണിയും വയലാർ രവിയും എംപിമാരായ കെ സുധാകരനും കെ മുരളീധരനും സഹായിച്ചിട്ടുണ്ടെന്ന മോൻസണിന്റെ വെളിപ്പെടുത്തൽ ഇതിനകം പുറത്തുവന്നിട്ടുണ്ട്. യുപിഎ ഭരണം അവസാനിച്ച ശേഷവും ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടർന്നു. കേന്ദ്രഭരണത്തിൽ സ്വാധീനമുള്ള ഉന്നതർ തണലൊരുക്കുന്നുവെന്ന അഭ്യൂഹങ്ങളുമുണ്ട്. മോൻസണെതിരെ സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിക്കാത്തത് ഇതിനാലാണെന്ന സംശയവും ഉയരുന്നു.
ഗൃഹപ്രവേശച്ചടങ്ങിന് ഭക്ഷണം വിളമ്പിയ കാറ്ററിങ്ങുകാരെയും പറ്റിച്ചു
മോൻസൺ മാവുങ്കൽ ജന്മനാടായ ചേർത്തലയിൽ നിർമിച്ച വീടിന്റെ ഗൃഹപ്രവേശച്ചടങ്ങിന് ഭക്ഷണം വിളമ്പിയ കാറ്ററിങ്ങുകാരെയും പറ്റിച്ചു. 2008ൽ നടന്ന ചടങ്ങിന്റെ വകയിൽ കാൽലക്ഷം രൂപ ഇവർക്ക് ഇപ്പോഴും നൽകാനുണ്ട്. പണത്തിന് കൊച്ചി കലൂരിലെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞതനുസരിച്ച് എത്തിയെങ്കിലും ഗേറ്റിനകത്ത് കടക്കാൻപോലുമായില്ലെന്ന് കാറ്ററിങ് അധികൃതർ പറഞ്ഞു.
ചേർത്തല വടക്കേയങ്ങാടി കവലയിൽ വാടകവീട്ടിൽ തട്ടിപ്പുകൾക്ക് കളമൊരുക്കിയെങ്കിലും നാട്ടുകാരുടെ ഇടപെടൽ തിരിച്ചടിയായി. വീട് പൊലീസ് പരിശോധിച്ച് നിരീക്ഷണം ഏർപ്പെടുത്തിയതോടെ ‘ബിസിനസ് സാമ്രാജ്യം’ കൊച്ചിയിലേക്ക് മാറ്റി. ചേർത്തല പള്ളിപ്പുറം എൻഎസ്എസ് കോളേജ് കവലയിൽ തുറന്ന സൗന്ദര്യവർധക ചികിത്സാകേന്ദ്രത്തിന്റെ മറവിലും ഇടപാടുകൾക്ക് നീക്കം നടത്തി. പൊലീസ് നിരീക്ഷണത്തിലായതോടെ പൂട്ടി.
അന്വേഷണത്തിന് പ്രത്യേക സംഘം ; സംഘത്തിൽ സൈബർ വിദഗ്ധരും
കോടികളുടെ പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൺ മാവുങ്കലിനെതിരായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. വ്യാഴാഴ്ച ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കും. സംസ്ഥാനത്തെ സമർഥരായ ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. ഇവരുടെ പട്ടിക സംസ്ഥാന പൊലീസ് മേധാവികൂടി പരിശോധിച്ചാകും ഉത്തരവിറങ്ങുക. നിലവിൽ അന്വേഷണം നടത്തുന്ന എസ്പി സോജൻതന്നെയാകും സംഘത്തെ നയിക്കുക. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത് മേൽനോട്ടം വഹിച്ചേക്കും.
തട്ടിപ്പിന്റെ വ്യാപ്തി കേരളത്തിനു പുറത്തേക്കും വിദേശത്തേക്കും വ്യാപിച്ചതിനാലാണ് എസ്ഐടി രൂപീകരിക്കുന്നത്. സൈബർ വിദഗ്ധരും സംഘത്തിലുണ്ടാകും. പുരാവസ്തുക്കളുടെ കാലഗണന, ആധികാരികത തുടങ്ങിയവ പരിശോധിക്കാൻ പുരാവസ്തു വിദഗ്ധരുടെ സേവനവും ഉപയോഗിക്കും. മോൻസണ് ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ബന്ധമുണ്ടെങ്കിലും നേരിട്ട് വിദേശബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടില്ല. ഇയാൾക്ക് പാസ്പോർട്ട് ഇല്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാൽ, പുരാവസ്തു വാങ്ങി വഞ്ചിതരായവരിൽ വിദേശികളുമുണ്ട്. അതിനാൽ, ഇവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
തൃശൂരിലെ സഹായിയിലേക്കും അന്വേഷണം
മോൻസണിനെതിരായ പരാതിയിൽ അന്വേഷണം തൃശൂർ നടത്തറയിലെ ധനകാര്യ സ്ഥാപനത്തിലേക്കും. മോൻസണിന്റെ സഹായിയായ സ്ഥാപന ഉടമയെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് സൂചന.
പരാതി ഒതുക്കിത്തീർക്കാൻ തൃശൂർ നടത്തറയിലെ ധനകാര്യ സ്ഥാപനം നടത്തുന്ന ജോർജ് ഇടപെട്ടെന്ന പരാതിയെ ത്തുടർന്നാണ് അന്വേഷണം. ഇയാൾ മോൻസണിന്റെ ബിസിനസ് പങ്കാളിയാണെന്ന് സംശയിക്കുന്നതായി പരാതിക്കാരനായ ഷമീർ പറയുന്നു. മോൻസിന് നൽകിയ പണം ജോർജിന്റെ ധനകാര്യസ്ഥാപനത്തിലേക്ക് മാറ്റിയതായാണ് സംശയം. പരാതി വന്നപ്പോൾ ജോർജിനെ ഉപയോഗപ്പെടുത്തി ഒത്തുതീർപ്പിന് ശ്രമിച്ചു. തങ്ങൾ മോൻസണിന് നൽകിയ പണം മാറ്റിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ കാര്യങ്ങൾ പുറത്തുവരുമെന്നും പരാതിക്കാർ പറഞ്ഞു.