തൃശൂർ
കൊടകരയിൽ ബിജെപിയുടെ കുഴൽപ്പണം കവർന്ന കേസിൽ രണ്ടു പ്രതികളെക്കൂടി വീണ്ടും ചോദ്യം ചെയ്തു. മൂന്നാംപ്രതി രഞ്ജിത്, ഏഴാംപ്രതി ലബീബ് എന്നിവരെയാണ് ബുധനാഴ്ച തൃശൂർ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തത്.
കവർച്ച ചെയ്ത പണത്തിൽ ഒന്നരക്കോടി മൂന്നാം പ്രതി വെള്ളിക്കുളങ്ങര സ്വദേശി രഞ്ജിത്ത് എടുത്തു. ഒന്നാംപ്രതി മുഹമ്മദലി രണ്ടുകോടിയുമെടുത്തു. രഞ്ജിത്തിന് കിട്ടിയ പണത്തിൽ നിന്ന് കവർച്ചയിൽ പങ്കെടുത്ത സുജീഷിന് അഞ്ചുലക്ഷം, ദീപക്കിന് 10 ലക്ഷം, ഹരീഷിന് അഞ്ചുലക്ഷം, മാർട്ടിന് 20 ലക്ഷം, ലബീബിന് 10 ലക്ഷം, അഭിജിത്തിന് 10 ലക്ഷം, ബാബുവിന് 10 ലക്ഷം, അബ്ദുൾ ഷാഹിദിന് 10 ലക്ഷം, ഷുക്കൂറിന് 10 ലക്ഷം, എഡ്വിന് അഞ്ചുലക്ഷം, ഷിഗിലിന് അഞ്ചുലക്ഷം എന്നിങ്ങനെ വീതിച്ചു നൽകി. ബാക്കി 50 ലക്ഷം രഞ്ജിത് എടുത്തു. രഞ്ജിത്തിന്റെ പണത്തിൽ നിന്ന് ഭാര്യ ദീപ്തി 17 ലക്ഷം എടുത്തിട്ടുണ്ട്. കവർച്ചപ്പണത്തിൽ രണ്ടുകോടിയോളം കണ്ടെത്താനുണ്ട്. ഈ പണം കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യൽ തുടരുന്നത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിന് കർണാടകത്തിൽനിന്നും ഇറക്കിയ കുഴൽപ്പണമാണ് കൊടകരയിൽ കവർന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണ് കള്ളപ്പണ ഇടപാട് നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് മൂന്നരക്കോടി കുഴൽപ്പണം കവർന്നത്.