തിരുവനന്തപുരം
ജനസേവനത്തിന് സർക്കാർ ശമ്പളം പറ്റുന്നവരിൽ കുറ്റവാളികൾ വേണ്ടെന്ന് സംസ്ഥാന സർക്കാർ. നിയമനം നേടുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാൻ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ക്രിമിനൽ പശ്ചാത്തലമുള്ളവർ സർവീസിൽ നുഴഞ്ഞുകയറുന്നത് തടയുകയാണ് ലക്ഷ്യം. സംസ്ഥാനസർക്കാർ സർവീസിന് പുറമെ എയ്ഡഡ് വിദ്യാഭ്യാസ,- പൊതുമേഖലാ,- സഹകരണ സ്ഥാപനങ്ങൾ, ക്ഷേമനിധി, ദേവസ്വം ബോർഡുകൾ, വികസന അതോറിറ്റികൾ എന്നിവിടങ്ങളിലെ നിയമനങ്ങളിലും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ജീവനക്കാർ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കും. തീരുമാനം ഉടൻ നടപ്പാക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങളോട് നിയമങ്ങൾ/ സ്റ്റാറ്റ്യൂട്ടുകൾ/ ചട്ടങ്ങൾ/ ബൈലോ എന്നിവ മൂന്നുമാസത്തിനുള്ളിൽ ഭേദഗതി ചെയ്യാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം നിർദേശിച്ചു.
കൊലപാതക കേസ് പ്രതികൾപോലും അത് മറച്ചുവച്ച് സർക്കാർ സർവീസിൽ കയറിയതായി കണ്ടെത്തിയിരുന്നു. നിയമനം ലഭിക്കുന്ന വ്യക്തികളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കും. നിലവിൽ പിഎസ്സി ഇത്തരം പരിശോധന നടത്തുന്നുണ്ട്. പൊലീസ് (വിജിലൻസ്) റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ നിയമനം തടഞ്ഞുവയ്ക്കാം. 48 മണിക്കൂറിലധികം റിമാൻഡിൽ കഴിഞ്ഞിട്ടുണ്ടോ, കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങി ജീവനക്കാരുടെ പശ്ചാത്തലം പൂർണമായും പരിശോധിച്ച് സർവീസിൽ കൃത്യത ഉറപ്പാക്കും. സാമ്പത്തിക തിരിമറിയുൾപ്പെടെയാണ് പരിശോധിക്കുക.
സർവീസിലിരിക്കെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. കൊല്ലത്ത് സ്ത്രീധനപീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുന്നില്ലെന്ന സത്യവാങ്മൂലവും നിർബന്ധമാക്കി.















