തിരുവനന്തപുരം
കോഴിക്കോട്ട് രണ്ടിനം വവ്വാലിൽ നിപാ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുണെ എൻഐവി ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളിലാണ് ഇത് കണ്ടെത്തിയത്.
ചാത്തമംഗലം പഞ്ചായത്തിനു സമീപം കൊടിയത്തൂർ, താമരശ്ശേരി എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളിന്റെ ഫലമാണ് പുറത്തുവന്നത്.
താമരശ്ശേരിയിൽനിന്ന് ശേഖരിച്ച ടീറോപസ് വിഭാഗത്തിൽപ്പെട്ട വവ്വാലിലും കൊടിയത്തൂർനിന്ന് ശേഖരിച്ച റോസിറ്റസ് വിഭാഗത്തിൽപ്പെട്ട ചില വവ്വാലുകളിലുമാണ് നിപാ വൈറസിന് എതിരായ ഐജിജി ആന്റിബോഡി കണ്ടെത്തിയത്. വവ്വാലുകളിൽ വൈറസ് ഉണ്ടായിരുന്നതിന്റെ തെളിവാണ് ഇത്. അമ്പതോളം ഫലം വരാനുണ്ട്. കൂടുതൽ പഠനം ഇതുമായി ബന്ധപ്പെട്ട് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപായുടെ പ്രഭവകേന്ദ്രം ഈ വവ്വാലുകളാണെന്ന് കരുതേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
21 ദിവസം, പുതിയ കേസില്ല
നിപാ വൈറസിന്റെ വ്യാപന കാലയളവായ 21 ദിവസം കഴിഞ്ഞും പുതിയ പോസിറ്റീവ് കേസുണ്ടായില്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് രോഗത്തെ പിടിച്ചുനിർത്താൻ സഹായിച്ചത്. വ്യാപന കാലയളവിന്റെ ഇരട്ടി ദിവസം (42 ദിവസം) പുതിയ കേസ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ രോഗം നിയന്ത്രണവിധേയമായതായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.















