കര്ണാല്
രാജ്യമെങ്ങും ആരാധകരുള്ള, 21 കോടി രൂപവരെ വിലപറഞ്ഞ ഹരിയാനയിലെ സുൽത്താൻ എന്ന ഭീമൻ പോത്ത് ഇനിയില്ല. ഹൃദയാഘാതമാണ് കാരണം. ഏതാനും ദിവസംമുമ്പാണ് മരണമെങ്കിലും ബുധനാഴ്ചയാണ് വിവരം പുറത്തറിയുന്നത്. ഹരിയാനയിലെ കൈത്തൽ സ്വദേശിയായ നരേഷ് ബെനിവാലാണ് 1200 കിലോയുള്ള പോത്തിന്റെ ഉടമ.
ആറടിപൊക്കമുള്ള മുറൈ വിഭാഗത്തില്‍പെട്ട സുല്ത്താന് 15 കിലോ ആപ്പിളും 20 കിലോ കാരറ്റും 10 ലിറ്റർ പാലുമാണ് ദിവസവും അകത്താക്കിയിരുന്നത്. വൈകിട്ട് വീര്യം കുറഞ്ഞ മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു.
2013-ല് ജജ്ജാര്, കര്ണാല്, ഹിസാര് എന്നിവിടങ്ങളില് സംഘടിപ്പിച്ച പ്രദർശനങ്ങളിൽ ജേതാവായി. രാജസ്ഥാനിലെ പുഷ്കര് കന്നുകാലി മേളയില് ഒരു മൃഗസ്നേഹി 21 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും സുല്ത്താനെ വില്ക്കാന് ഉടമ തയ്യാറായില്ല. സുൽത്താന്റെ ബീജം വിറ്റുകിട്ടുന്നതിലൂടെ മാത്രം വർഷം ഒരു കോടിയോളം രൂപ ലഭിച്ചിരുന്നു.















