ന്യൂഡൽഹി
പഞ്ചാബിനും രാജസ്ഥാനുമൊപ്പം ഛത്തീസ്ഗഢ് കോൺഗ്രസിലെ തമ്മിലടിയും അധികാരത്തർക്കവും ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആരോഗ്യമന്ത്രി ടി എസ് സിങ് ദേവുമാണ് മുഖ്യമന്ത്രിപദത്തിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്നത്.
മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഭൂപേഷ് ബാഗേലിനെ അനുകൂലിക്കുന്ന 12 കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാൻഡുമായി ചർച്ച നടത്താൻ ഡൽഹിയിലെത്തി. ഭൂപേഷ് ബാഗേലിനെ മാറ്റിയാൽ സംസ്ഥാന ഭരണം പ്രതിസന്ധിയിലാകുമെന്ന് ഡൽഹിയിലെ ഛത്തീസ്ഗഢ് സദനിലെത്തിയ എംഎൽഎമാർ പറഞ്ഞു. 2018 ഡിസംബറിലാണ് 90ൽ 68 സീറ്റ് നേടി കോൺഗ്രസ് അധികാരമേറ്റത്. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യമന്ത്രിപദം നൽകാമെന്ന ധാരണയുണ്ടായിരുന്നെന്നും അന്ന് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിക്ക് ഇക്കാര്യം അറിയാമെന്നും സിങ് ദേവ് പറയുന്നു. ഇതു പ്രകാരം ജൂൺ 16ന് ബാഗേൽ ഒഴിയേണ്ടതാണ്.
ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സിങ് ദേവ് ഡൽഹിയിൽ എത്തി. മുഖ്യമന്ത്രിയെ മാറ്റാനാണ് നീക്കമെങ്കിൽ രാജിക്കുപോലും തയ്യാറായി 36 എംഎൽഎമാർ ഒപ്പമുണ്ടെന്നാണ് ബാഗേലിന്റെ ഭീഷണി. അതേസമയം, എംഎൽഎമാർ തനിക്കൊപ്പവുമുണ്ടെന്നും മുഖ്യമന്ത്രിപദമല്ലാതെ മറ്റൊരു ഓഫറും സ്വീകരിക്കില്ലെന്നും സിങ് ദേവും പറയുന്നു.