ചവറ > കൊല്ലം, ആലപ്പുഴ ജില്ലകളിൽ ആരോഗ്യപ്രവര്ത്തകരെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം പുതുക്കുറുച്ചി തെരുവില് തൈവിളാകം വീട്ടില് നിശാന്ത് സ്റ്റാലിന് (29)-, കടയ്ക്കാവൂര് തെക്കുംഭാഗം റോയി നിവാസില് റോയി റോക്കി (26)- എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
കൊറ്റംകുളങ്ങര വാഴേത്തുമുക്കിൽ 18-ന് കൊല്ലം പൊലീസ് ഹോസ്പിറ്റലിലെ നഴ്സ് ദിവ്യനന്ദയാണ് ആക്രമിക്കപ്പെട്ടത്. ദിവ്യനന്ദയുടെ സ്കൂട്ടറിനു സമീപം വഴിചോദിക്കാനെന്നപോലെ ബൈക്ക് നിർത്തി. സംശയംതോന്നി ബഹളംവച്ച ദിവ്യനന്ദയെ തള്ളിയിട്ട് മാല പൊട്ടിക്കാന് ശ്രമിച്ചു. പ്രദേശവാസികള് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നഴ്സിങ് അസിസ്റ്റന്റ് പല്ലന പാനൂർ ഫാത്തിമ മൻസിലിൽ സുബീന (35) 21ന് രാത്രി 11.45നാണ് ആക്രമിക്കപ്പെട്ടത്. ജോലികഴിഞ്ഞ് സ്കൂട്ടറിൽ പോയ സുബീനയെ ബൈക്കിൽ പിന്തുടർന്ന സംഘം പല്ലനയ്ക്കു സമീപം ഇടിച്ചിടാൻ ശ്രമിച്ചു. ആഭരണങ്ങൾ നൽകാൻ വിസമ്മതിച്ചപ്പോൾ തലയ്ക്കുപിന്നിൽ അടിച്ചു. ബൈക്കിൽ ബലമായി പിടിച്ചുകയറ്റാൻ ശ്രമിച്ചതോടെ സുബീന സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് വാഹനം കണ്ടതോടെ അക്രമികൾ രക്ഷപ്പെട്ടു.
ചവറയില് സ്വന്തം ബൈക്കിലെത്തിയ ഇവർ അതേ മാതൃകയിലുള്ള ബൈക്ക് കൊല്ലത്തുനിന്ന് മോഷ്ടിച്ചാണ് ആലപ്പുഴയിൽ ഉപയോഗിച്ചത്. ബുധനാഴ്ച കൊല്ലത്തേക്ക് ബസിൽവരികയായിരുന്ന നിശാന്തിനെ ചവറയില് ബസ് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിൽ റോയിയെക്കുറിച്ച് വിവരം ലഭിച്ചു. കടയ്ക്കാവൂര് തെക്കുംഭാഗത്തെ വീട്ടില്നിന്ന് പിടികൂടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇവർ കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്സോ കേസിലും പ്രതികളാണ്. നിശാന്ത് മുമ്പ് ജയില്ശിക്ഷ അനുഭവിച്ചിട്ടുണ്ട്.