തിരുവനന്തപുരം > എന്നും നിസ്വപക്ഷത്ത് നിലയുറപ്പിച്ച സാംസ്കാരികനായകനാണ് പ്രൊഫ. എം കെ സാനു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോ. പി എസ് ശ്രീകല രചിച്ച ‘സാനുമാഷ്: മലയാളത്തിന്റെ സമഭാവ ദർശനം’ എന്ന ജീവചരിത്ര ഗ്രന്ഥം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ അഭിമാനമാണ് സാനുമാഷ്. സമൂഹത്തെ പിറകോട്ട് നയിക്കുന്ന ഒരു പ്രവണതയോടും സന്ധി ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. സാഹിത്യവും രാഷ്ട്രീയവും വെള്ളം കടക്കാത്ത അറകളല്ല എന്ന യാഥാർഥ്യം ബോധ്യപ്പെട്ട സാംസ്കാരിക നായകനാണ് അദ്ദേഹം. രാഷ്ട്രീയം എന്ന ആശയത്തെ നേരായ അർഥത്തിൽ പ്രായോഗികമാക്കി. മനുഷ്യനെ കേന്ദ്ര സ്ഥാനത്തുനിർത്തുന്ന വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്.
സാംസ്കാരിക നായകർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്താൻ പലപ്പോഴും വിമുഖത കാട്ടുമ്പോൾ സാനുമാഷ് എല്ലായ്പ്പോഴും ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന സമീപനം സ്വീകരിച്ചു. അതു തുറന്നുപയാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല. കേരളത്തിന്റെ സവിശേഷതയായ മതനിരപേക്ഷതയ്ക്ക് കോട്ടംവരുത്തുന്ന പ്രവണതകൾ എപ്പോഴുണ്ടാകുന്നോ അപ്പോഴെല്ലാം അതിനെ ചെറുക്കാനും മാനവികതയ്ക്കുവേണ്ടി ശബ്ദമുയർത്താനും മാഷ് തയ്യാറായി. മാഷിന്റെ ജീവചരിത്രം കേരളത്തിൽ പാഠപുസ്തകമാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ പുസ്തകം ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ഡോ. ടി എൻ സീമ, പ്രൊഫ. സീതമ്മാൾ, ഡോ. പി എസ് ശ്രീകല, അലിൻഡ മേരി ജോൺ എന്നിവർ സംസാരിച്ചു. സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പുസ്തകം പുറത്തിറക്കിയത്.