അപൂർവ്വമായി സംഭവിച്ച നിരുപദ്രവകരമായ ഒരു സിംഗിൾ, അത് മത്സരത്തിന്റെ ഫലത്തെ യാതൊരു വിധത്തിലും സ്വാധീനിച്ചിട്ടില്ല എന്നാലും ഇന്ന് അത് പലർക്കും ഒരു വിഷയമായിരിക്കുകയാണ്. കഴിഞ്ഞ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന്റെ 19 -ാം ഓവറിൽ രവിചന്ദ്രൻ അശ്വിൻ നേടിയ ഒരു സിംഗിളാണ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.
ഓവറിന്റെ അവസാന പന്തിൽ ത്രിപാഠി ഫീൽഡ് ചെയ്ത് എറിഞ്ഞു നൽകിയ പന്ത് റിഷഭ് പന്തിന്റെ ദേഹത്ത് തട്ടി ദിശമാറിയപ്പോൾ അശ്വിൻ സിംഗിൾ നേടുകയായിരുന്നു. തുടർന്ന് കെകെആർ ക്യാപ്റ്റൻ ഓയിൻ മോർഗനും ബൗളർ ടിം സൗത്തിയും അശ്വിനുമായി തർക്കിച്ചു. അടുത്ത ഇന്നിങ്സിൽ അശ്വിൻ മോർഗനെ പുറത്താക്കിയപ്പോഴും ആ തർക്കം തുടർന്നു. മത്സര ശേഷം സംഭവത്തെ കുറിച്ചു ഓയിൻ മോർഗൻ ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ തർക്കം ഗ്രൗണ്ടിനു പുറത്തേക്കും എത്തി.
“ഞാൻ കാണുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല!! വളർന്നു വരുന്ന കൊച്ചുകുട്ടികൾക്കുള്ള സമോശം മാതൃക. കാലക്രമേണ, അശ്വിൻ അതിനു ഖേദിക്കുമെന്ന് ഞാൻ കരുതുന്നു.” മോർഗന്റെ ട്വീറ്റിന് രണ്ടു തരത്തിലാണ് ആരാധകർ പ്രതികരിച്ചത്. പല മറുപടികളിലും 2019 ലോകകപ്പ് ഫൈനലിനെ കുറിച്ചുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടമുയർത്തിയത് ഒരു ഓവർത്രോയിലൂടെ ആയിരുന്നു. ന്യൂസിലണ്ടിനു എതിരായ ഫൈനൽ മത്സരത്തിൽ വിജയത്തിലേക്ക് ബെൻസ്റ്റോക്സ് ആർജവത്തോടെ ബാറ്റ് ചെയ്തെങ്കിലും അവസാനം ജയിക്കാൻ കഴിയില്ല എന്ന നിലയിലേക്ക് എത്തിയിരുന്നു. 242 റൺസ് പിന്തുടരുകയായിരുന്ന മത്സരത്തിന്റെ അവസാന ഓവറിൽ ജയിക്കാൻ മൂന്ന് പന്തിൽ ഒമ്പത് റൺസ് വേണ്ടിയിരുന്ന സമയത്ത് മാർട്ടിൻ ഗപ്ടിൽ ഫീൽഡ് ചെയ്ത് എറിഞ്ഞ പന്ത് ഡൈവ് ചെയ്യുകയായിരുന്ന സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ഫോർ ആവുകയും പിന്നീട് മത്സരം സമനിലയിലേക്കും തുടർന്ന് സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിന്റെ വിജയത്തിലും കലാശിക്കുകയായിരുന്നു.
ലോകകപ്പിലെ ഓവർത്രോ വിവാദമാവുകയും ക്രിക്കറ്റിലെ ഇത്തരം വിചിത്രനിയമങ്ങൾ മാറ്റണം എന്ന നിർദേശവുമായി നിരവധിപേർ അന്ന് രംഗത്ത് എത്തുകയും ചെയ്തിരുന്നു. അശ്വിൻ സംഭവത്തിൽ ഷെയിൻ വോൺ ഉൾപ്പടെയുള്ള താരങ്ങളും വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഷെയിൻ വോണിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതിനിടെ വോണിന്റെ ട്വീറ്റിനെ ഉദ്ധരിച്ച് ഓസ്ട്രലിയൻ മാധ്യമം ഫോക്സ് അശ്വിനെ ‘വില്ലൻ; എന്ന് വിശേഷിപ്പിച്ചു വാർത്ത നൽകുകയും ചെയ്തു. “‘നാണക്കേട്’: തീക്ഷ്ണമായ പോരാട്ടത്തിൽ ഇന്ത്യ വില്ലൻ വീണ്ടും ക്രിക്കറ്റിന്റെ ആദർശം തകർക്കുന്നു.” എന്നായിരുന്നു തലക്കെട്ട്.
2019ലെ ഐപിഎല്ലിൽ പഞ്ചാബിന് വേണ്ടി കളിക്കുകയായിരുന്ന അശ്വിൻ ബോളിങ്ങിനിടയിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയതും പരാമർശിച്ചു കൊണ്ടായിരുന്നു ഫോക്സിന്റെ വാർത്ത.
Also Read: അടുത്ത രണ്ട് ട്വന്റി 20 ലോകകപ്പുകളില്‍ അയാള്‍ ഇന്ത്യയെ നയിക്കണം: സുനില്‍ ഗവാസ്കര്‍
The post IPL 2021: മോർഗാനുമായുള്ള തർക്കം; അശ്വിനെ വില്ലനെന്ന് വിളിച്ച് ഓസ്ട്രേലിയൻ മാധ്യമം appeared first on Indian Express Malayalam.