കൊച്ചി: 70 ലക്ഷം രൂപ തനിക്ക് കിട്ടാനുണ്ടെന്ന പരാതിയുമായി മോൺസന് ശിൽപങ്ങൾ നിർമിച്ചു നൽകിയ ശിൽപി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന ശിൽപിയാണ് മോൺസനെതിരേ പരാതിയുമായി രംഗത്തെത്തിയത്. മോൻസൺ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇയാൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മോൺസൻറെ അമേരിക്കയിലുള്ള ബന്ധു മുഖേനയാണ് മോൺസനുമായി ബന്ധപ്പെടുന്നത്. ഓൺലൈൻ മുഖേനയാണ് ഇയാൾ ബന്ധപ്പെട്ടത്. തുടർന്ന് മോൺസനെ പോയി കാണുകയായിരുന്നു. 2018 ഡിസംബർ മുതൽ പരിചയമുണ്ട്. ആറ് ശിൽപങ്ങൾ വാങ്ങിയിരുന്നു. ഒന്നര മാസത്തിനുള്ളിൽ പണം തരാമെന്ന ഉറപ്പിലാണ് ശിൽപങ്ങൾ നൽകിയതെന്നും സുരേഷ് പറഞ്ഞു.
ഏഴ് ലക്ഷം രൂപയാണ് ഇതുവരെ ആകെ തന്നിട്ടുള്ളത്. ഇനി 70 ലക്ഷത്തോളം രൂപ തരാനുണ്ട്. ഇടയ്ക്ക് ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആ സമയത്താണ് ഏഴ് ലക്ഷം രൂപ തന്നത്. ബാക്കി പണം പിന്നീട് തരാം എന്നു പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
സാധാരണ തടിയിലാണ് ശിൽപങ്ങൾ നിർമിച്ച് നൽകിയത്. മാതാവ്, ശിവൻ തുടങ്ങിയ പലതരത്തിലുള്ള വലുതും ചെരുതുമായ ശിൽപങ്ങൾ കൊടുത്തിട്ടുണ്ട്. വാങ്ങിയ ശേഷം മോൺസൻ ശിൽപങ്ങൾക്ക് പെയിന്റടിക്കുകയും മറ്റും ചെയ്തിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.
ആളുകളെ പറ്റിക്കുന്ന ആളാണെന്ന് അറിയില്ലായിരുന്നു. വാർത്തകൾ കണ്ടപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് മനസ്സിലായത്. അതോടെയാണ് പരാതി നൽകുന്നത്. നൽകിയ സാധനങ്ങൾ തിരികെ തരണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ചിൽ പരാതി നൽകിയതെന്നും സുരേഷ് പറഞ്ഞു.
Content Highlights:Sculptor complaints against Monson mavunkal