തിരുവനന്തപുരം > കൊലക്കേസ് പ്രതികൾ ജയിലിൽനിന്ന് ഫോൺ വിളിച്ച കേസിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു. കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് റഷീദ് ജയിലിൽനിന്ന് വിളിച്ചതായി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഫോൺ വിളിക്ക് സൂപ്രണ്ട് സൗകര്യമൊരുക്കി എന്ന റിപ്പോർട്ടിലാണ് നടപടി. എ ജി സുരേഷ് കൃത്യവിലോപം ഉൾപ്പെടെ ഗുരുതരമായ ചട്ടലംഘനങ്ങളാണ് നടത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ
വിയ്യൂർ ജയിലിലെ അനധികൃത ഫോൺ വിളികളെക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനാൽ തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർ അന്വേഷണം നടത്തിയിരുന്നു. ഫ്ളാറ്റ് കൊലക്കേസ് പ്രതിയും യൂത്ത് കോൺഗ്രസ് പുതുക്കോട് മണ്ഡലം പ്രസിഡന്റുമായിരുന്ന റഷീദ് 7510108727 എന്ന ഫോൺ നമ്പരിൽനിന്ന് ആയിരത്തിലേറെ തവണ ഫോൺ ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബന്ധുക്കൾക്ക് പുറമെ ക്രിമിനൽ കേസ് പ്രതികളെയും കോൺഗ്രസ് നേതാക്കളെയും വിളിച്ചു.
ജയിൽ സൂപ്രണ്ട് എ ജി സുരേഷിന്റെ ഓർഡർലിയായിരുന്ന റഷീദ്, സൂപ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രിമിനൽ കേസ് പ്രതികളെയടക്കം ഫോൺ ചെയ്തത്. റഷീദുമായി വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പി ജി സന്തോഷിനെ ജയിൽ മേധാവി ഷേക് ദർവേഷ് സാഹെബ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് സ്ഥലം മാറ്റി. മുമ്പ് ജയിലിലേക്ക് മദ്യം കടത്തിയ കേസിൽ പ്രതിയായ ഉദ്യോഗസ്ഥനാണ് സന്തോഷ്.