തിരുവനന്തപുരം > തിരുവനന്തപുരത്തെ വെള്ളായണിയിൽ കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ‘കിരീടം പാലം’ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ്. വിദ്യാഭ്യാസമന്ത്രിയും നേമം എംഎൽഎയുമായ വി ശിവൻകുട്ടിയോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്രാമീണ ഭംഗിയും വെള്ളായണി കായലിന്റെ മനോഹാരിതയും ചേര്‍ന്ന പ്രദേശം ഗ്രാമീണ ടൂറിസത്തിന്റെ വലിയ സാധ്യതയുള്ള നാടാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞദിവസം ലോക ടൂറിസം ദിനത്തിൽ മന്ത്രി വി ശിവന്‍കുട്ടി ഈ പാലത്തിന്റെ ടൂറിസം സാധ്യതകള്‍ പങ്കുവെച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കിരീടം സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു തിരുവനന്തപുരത്തെ വെള്ളായണി കായലിന്റെ ഭാഗമായ പാലം. കഥാഗതിയുടെ സുപ്രധാന മേഖലകളിലെല്ലാം ഈ പാലവുമുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ഇതിനെ കിരീടം പാലം എന്നുവിളിച്ചു. മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തെ മനോഹരമാക്കിയ ഈ പ്രദേശത്തിന്റെ ഭംഗിയും ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞതാണ്. വിവിധ സമയങ്ങളിലുള്ള വെള്ളായണി കായലിന്റെ മനോഹാരിതയും പാലത്തിന്റെ ഏകാന്തതയും ഒപ്പിയെടുത്ത സംവിധായകന് സിബി മലയില്‍ ഈ പ്രദേശത്തെ അനശ്വരമാക്കി.
കഴിഞ്ഞദിവസം മന്ത്രി ശിവന്‍കുട്ടി ഈ പാലത്തിന്റെ ടൂറിസം സാധ്യതകള്‍ പങ്കുവെച്ചു. ഞങ്ങള്‍ രണ്ട് പേരും ഇന്ന് കുറച്ച് സമയം പാലത്തില്‍ ചെലവഴിച്ചു. ആരും കൊതിക്കുന്ന ഗ്രാമീണ ഭംഗിയും വെള്ളായണി കായലിന്റെ മനോഹാരിതയും ചേര്‍ന്നതാണ് ഈ പ്രദേശം. ഗ്രാമീണ ടൂറിസത്തിന്റെ വലിയ സാധ്യതയുള്ള നാട്. കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറും. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.