കൊച്ചി: കൊച്ചി കോർപ്പറേഷനിൽ നാടകീയ നീക്കം. നഗരാസൂത്രണ സമിതി അധ്യക്ഷനെതിരെയുള്ള യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന്പിന്തുണ പ്രഖ്യാപിച്ച് ഇടത് കൗൺസിലർ എം.എച്ച്.എം അഷ്റഫ്. അതേസമയം, അഷ്റഫ് ഇപ്പോഴും എൽ.ഡി.എഫിന്റെ ഭാഗമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ ആറാം ഡിവിഷനായ കൊച്ചങ്ങാടിയിൽ നിന്ന്സി.പി.എം സ്ഥാനാർത്ഥിയായി വിജയിച്ച എം.എച്ച്.എം അഷ്റഫ് പാർട്ടിയിൽ നിന്നും നേരത്തെ രാജിവച്ചിരുന്നെങ്കിലും ഇടതിനൊപ്പം തുടരുകയായിരുന്നു. നഗരാസൂത്രണ സമിതി ചെയർമാൻ തിരഞ്ഞെടുപ്പിലെ അതൃപ്തിയെ തുടർന്നാണ് അന്ന് പാർട്ടി വിട്ടത്.
ഇതിന് പിന്നാലെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ്, ജിയോ കേബിൾ വിഷയങ്ങളിൽ ടൗൺപ്ളാനിങ്ങ് കമ്മിറ്റിക്കും മേയർക്കുമെതിരെ അഴിമതി ആരോപണമടക്കമുന്നയിച്ച് അഷ്റഫ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. നഗരാസൂത്രണ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സനൽമോനെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയത്തെ പിന്തുണക്കുന്നതായി അഷ്റഫ് വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കൾക്കൊപ്പം എത്തിയാണ് അഷ്റഫ് മാധ്യമങ്ങളെ കണ്ടത്.
അഷ്റഫിന്റെ ചുവടുമാറ്റം മൂലം കൊച്ചി കോർപറേഷനിൽ ഭരണമാറ്റം സാധ്യമാവില്ല. 74ൽ 36 അംഗങ്ങൾ ഇപ്പോഴും ഇടതിനൊപ്പമുണ്ട്. എങ്കിലും നേരിയ ഭൂരിപക്ഷത്തിൽ ഭരണം കയ്യാളുന്ന എൽ.ഡി.എഫിന് അഷ്റഫിന്റെ മാറ്റം തിരിച്ചടിയാണ്. ടൗൺ പ്ളാനിങ്ങ് കമ്മിറ്റിയിൽ യു.ഡി.എഫിനാണ് മേൽക്കൈ. അതിനിടെ, അഷ്റഫ് ഇപ്പോഴും ഇടതിന്റെ ഭാഗമാണെന്നും തനിക്കെതിരെ അഴിമതി ആരോപണമൊന്നും വന്നിട്ടില്ലെന്നും മേയർ എം. അനിൽ കുമാർ പ്രതികരിച്ചു.
അതിനിടെ, പാർട്ടി ചിഹ്നത്തിൽ ജയിച്ച കൗൺസിലർ വിപ്പ് ലംഘിച്ച് വോട്ട് ചെയ്താൽ അയോഗ്യനാകും. ഈ സാഹചര്യം കൂടി മനസിലാക്കിയാണ് അഷ്റഫിന്റെ നീക്കമെന്നാണ് അറിയുന്നത്.