കോഴിക്കോട്: തനിക്കെതിരേ വെറുതെ ആരോപണങ്ങളുമായി പുറകെ കൂടിയാൽ പലതും ഇനിയും പറയേണ്ടി വരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പിണറായി വിജയനെതിരേ പറയുന്നത് ഞാൻ നിർത്തിയതാണ്. ഇനി തുടരണോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.
മോൺസൺ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരേ അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കോഴിക്കോട് വാർത്താ സമ്മേളനം നടത്തി സുധാകരൻ പ്രതികരിച്ചു.
ഞാൻ മോൺസണെ കണ്ടുവെന്നത് സത്യമാണ്. കണ്ണിന്റെ ചില പ്രശ്നങ്ങൾക്ക്അയാളുടെ അടുത്ത് ചികിത്സ തേടാനാണ് പോയത്. ഡോക്ടറെന്ന വ്യാജേനയാണ് ചികിത്സിച്ചത്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ഡിജിപി വരെ അയാളുടെ അടുത്ത് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാൾ കള്ളനാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
അഞ്ചുദിവസം ചികിത്സ തേടിയെന്നും അസുഖം മാറാത്തതിനാൽ തിരിച്ച് പോന്നുവെന്നും സുധാകരൻ പറഞ്ഞു. അയാളുടെ ആളും അലങ്കാരവും എല്ലാം കാണുമ്പോൾ ആരും പോയിപ്പോവും. ഐ.ജിക്കും ഡിജിപിക്കും വരെ സംശയമില്ലാത്ത സംഗതിക്ക് എനിക്കെന്ത് സംശയം വരാനാണെന്നും സുധാകരൻ ചോദിച്ചു.
സെമികാഡർ സംവിധാനവുമായി മുന്നോട്ട് പോവും. രാഹുൽ ഗാന്ധിയിൽ നിന്നും പൂർണ പിന്തുണ ലഭിച്ചു. പ്രവർത്തകർക്കിപ്പോ വലിയ ആശ്വാസമാണെന്നും അത് സന്തോഷം നൽകുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. വി.എം സുധീരനുമായി യാതൊരു പ്രശ്നവുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി ചർച്ചചെയ്താണ് തീരുമാനിച്ചത്. സുധീരനുമായി എ.ഐ.സി.സി ചർച്ച നടത്തുമെന്നും സുധാകരൻ അറിയിച്ചു.