കോഴിക്കോട്: ആദ്യം രജിസ്ട്രേഷൻ, ഹാളുകളിലെ സീറ്റ് നമ്പറിട്ട കസേരയിൽ പ്രധാന നേതാക്കൾ മാത്രം.വൈകിയാൽ സീറ്റ് പോവുമെന്ന പേടിയില്ല.പഴയപോലെ നേതാക്കളെ ചുറ്റിപ്പറ്റിയുള്ള സിൽബന്ധികളില്ല-കെ.പി.സി.സി അധ്യക്ഷൻ സുധാകരൻ പങ്കെടുത്ത കോഴിക്കോട്ടെ ഡിസിസി നേതൃയോഗത്തിന്നടത്തിപ്പുകൊണ്ടുംഅച്ചടക്കംകൊണ്ടും പുതിയ മുഖം. സെമി കാഡർ എന്ന സംവിധാനത്തിലേക്ക് പാർട്ടി പോവുന്നതിന്റെ ആദ്യ പടികൂടിയായിരുന്നുകോഴിക്കോട്ടെ നേതൃയോഗം.
യോഗത്തിന് ശേഷം പങ്കെടുത്തവരുടെ എണ്ണവും വരാതിരുന്നവരുടെ എണ്ണവും അവധിയെടുത്തവരുടെ എണ്ണവും ഉറക്കെ വായിച്ച് ഡിസിസി പ്രസിഡൻറും മാറ്റത്തിൻറെ വരവറിയിച്ചു. ഒപ്പം, വരാതിരുന്നവർക്ക് കത്തയക്കുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്ഥാനത്തുണ്ടാവില്ലെന്നുമുള്ളമുന്നറിയിപ്പും ഡിസിസി പ്രസിഡന്റ് നൽകി.
മുതിർന്ന നേതാക്കളെ കാണുമ്പോൾ മുഖംകാണിക്കാൻ കുത്തിത്തിരുകി വരുന്ന പ്രവർത്തകർക്കൊന്നും യോഗത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. വേദിയിൽ പ്രധാന നേതാക്കൾക്ക് സീറ്റ് കിട്ടാത്ത പഴയ കോൺഗ്രസിന്റെ സംസ്കാരവും മാറ്റത്തിൻറെ പാതയിലാണെന്ന തോന്നലുണ്ടാക്കി. കോൺഗ്രസിന്റെ വേദിയിൽ സുധാകരനൊപ്പം ഉണ്ടായിരുന്നത് ഡി.സി.സി അധ്യക്ഷനും വർക്കിങ്പ്രസിഡന്റ്മാരും മാത്രം. വളരെ അച്ചടക്കത്തോടെ പ്രസംഗം കേൾക്കുന്ന പ്രവർത്തകർ.പുറത്തുപോവാൻ നിർദേശം ലഭിച്ചപ്പോൾ അനുസരണയുള്ള കുട്ടികളായി അവർ പുറത്തേക്ക്.
വേദിയിൽ, പേരെഴുതിയ കസേരകളിൽചുരുക്കം ചില നേതാക്കൾ. ഹാളിൽ ആദ്യ വരിയിൽ കെ.പി.സി.സി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും. തുടർന്ന് ഡിസിസി ഭാരവാഹികൾ, ശേഷം ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനാ, ജില്ലാ, സംസ്ഥാന ഭാരവാഹികൾ, അവസാനം മണ്ഡലം പ്രസിഡന്റുമാർ. ഇങ്ങനെ ഓരോരുത്തർക്കുമുണ്ടായിരുന്നു സീറ്റ് റിസർവേഷൻ. ആർക്കും ഒരു പരിഭവവും സങ്കടവുമില്ല.
സി.യു.സിയിൽ തുടക്കം
സി.യു.സി അഥവാ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയാണ് കോൺഗ്രസിന്റെ കാഡർ സംവിധാനത്തിലേക്കുള്ളമാറ്റത്തിൻറെ തുടക്കം. 1,25,000-ൽ അധികം സി.യു.സികൾക്ക്ഡിസംബർ 28- ഓടെരൂപംനൽകാനാണ്കെ.പി.സി.സിയുടെ തീരുമാനം.
ആദ്യ ഘട്ടത്തിൽ നിലവിൽ വന്ന സി.യു.സിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലക്കാട് കരിമ്പുഴയിൽ നടക്കും. വർത്തമാനകാല വെല്ലുവിളികൾ നേരിടാനും ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനും ഗാന്ധിയൻ തത്വസംഹിതകളിലൂന്നി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുമാണ് ലക്ഷ്യം. കോൺഗ്രസ് വീടുകളേയും സൗഹൃദ വീടുകളിലെ കോൺഗ്രസ് അംഗങ്ങളേയും ചേർത്താണ് സി.യു.സി രൂപീകരിച്ചിട്ടുള്ളത്.
ഡി.സി.സി പ്രസിഡന്റുമാർക്ക്ആറ് മാസം പ്രൊബേഷൻ പിരീഡ്
ഖദറുമിട്ട് നേതാവ് ചമഞ്ഞ് നടക്കാമെന്ന് കരുതുന്ന നേതാക്കൾക്ക് സ്ഥാനമില്ലെന്ന് ഉറപ്പിച്ചുപറയുന്നുണ്ട് കെ. സുധാകരൻ. സി.യു.സി അംഗങ്ങൾ മുതൽ എല്ലാ നേതാക്കൾക്കും ഇത് ബാധകമാവും. ആറ് മാസമാണ് ഡിസിസി പ്രസിഡന്റുമാരുടെ പ്രൊബേഷൻ കാലാവധി. അതിന് മുമ്പെ റിസൽട്ട് ഉണ്ടാക്കണം. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളെ തോൽപിക്കുന്ന നേതാക്കളെ വേണ്ടെന്നും സുധാകരൻ പറയുന്നു.
അച്ചടക്കം പഠിപ്പിക്കാൻ കൈപ്പുസ്തകം
പാർട്ടി ക്ലാസുകൾക്കെല്ലാം പുറമെ കോൺഗ്രസിന്റെ മാർഗരേഖകൾ സംബന്ധിച്ച് കൈപ്പുസ്തകം ഇറക്കിനേതാക്കൾക്ക് വിതരണംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ നേതാവുംവഹിക്കേണ്ട ചുമതലയും കർത്തവ്യങ്ങളും എണ്ണമിട്ട് പറയുന്നതാണ് കൈപ്പുസ്ത്തകം. നേതാക്കൾക്കെതിരേ സമൂഹ മാധ്യമങ്ങളിൽ ചൊറിയുന്നവർക്കെതിരേ മുന്നും പിന്നും നോക്കാത്ത നടപടിയുണ്ടാവുമെന്നും കെ.പി.സി.സി അധ്യക്ഷൻ പറയുന്നു.