കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പൊളിച്ചെഴുതും. കാവിവത്കരണ ആരോപണം ഉയർന്ന എംഎ ഇക്കണോമിക്സ് ആൻഡ് ഗവേണൻസ് സിലബസ് സമഗ്രമല്ലെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്. ദീൻദയാൽ ഉപാധ്യായെയുടെയും ബൽരാജ് മഡോകിന്റെയും പാഠഭാഗങ്ങൾ പൂർണമായും സിലബസിൽ നിന്ന് ഒഴിവാക്കാൻ നിർദേശിച്ചുള്ള വിദഗ്ധ സമിയുടെ റിപ്പോർട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
അതേസമയം സവർക്കറുടെയും ഗോൾവൾക്കറുടെയും പാഠഭാഗങ്ങൾ സിലബസിൽ തുടരും. എന്നാൽ ഇവ നേരത്തെ നിർദേശിച്ച അത്രയും കൂടുതലുണ്ടാകില്ല. രണ്ട് പേരുടെയും പുസ്തകങ്ങൾ ചേർത്ത് ഹിന്ദുത്വ ആശയവുമായി ബന്ധപ്പെടുത്തി മാത്രം പഠിപ്പിക്കാനാണ് നിർദേശം. ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ്, ഗാന്ധിയൻ ആശയങ്ങൾ കൂടി കൂടുതലായി സിലബസിൽ ഉൾപ്പെടുത്താനും ഡോ ജെ പ്രഭാഷും കെഎസ് പവിത്രനും ഉൾപ്പെടുന്ന വിദഗ്ധ സമിതി ശുപാർശ നൽകി.
മൗലാനാ അബ്ദുൾകലാം ആസാദ്, മുഹമ്മദലി ജിന്ന, പെരിയാർ തുടങ്ങിയ നേതാക്കളുടെ മുസ്ലീം, ദ്രവീഡിയൻ ആശയങ്ങളെല്ലാം ഉൾപ്പെടുത്താനാണ് ആലോചന നടക്കുന്നത്. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
Read More -കാവിവത്കരണമല്ല; വിവാദത്തിൽ ദുഃഖമുണ്ട്: വിമർശനങ്ങൾ ഉൾക്കൊള്ളുന്നു-സിലബസ് സമിതി കൺവീനർ
content highlights:deendayal upadhyaya, balraj madhok will be excluded from the Kannur University syllabus