തിരുവനന്തപുരം: ചെന്നൈയിൽ സ്ഥിരതാമസമാക്കിയ സമയത്താണ് തെക്കൻ കേരളത്തിൽ എവിടെയെങ്കിലും ഒരു റിസോർട്ട് പണിയണമെന്ന ആഗ്രഹം ഹേമാ ജയചന്ദ്രന്റെയും ഭർത്താവ് ജയചന്ദ്രന്റെയും മനസ്സിലുദിക്കുന്നത്. കാത്തിരുന്ന്, ആഗ്രഹിച്ച് കൊല്ലം പരവൂരിൽ ഒമ്പത് ഏക്കർ ഭൂമി വാങ്ങി മനോഹരമായ ഒരു റിസോർട്ടും പണിതു. അങ്ങനെയിരിക്കെ 2005-ൽ അപ്രതീക്ഷിതമായി ജയചന്ദ്രൻ വിടവാങ്ങി.
അദ്ദേഹത്തിന്റെ വിയോഗ ശേഷം പരവൂരുള്ള റിസോർട്ട് വിൽക്കുകയും ചെയ്തു. ജയചന്ദ്രനില്ലാത്ത ചെന്നൈയിലെ ജീവിതത്തിനിടയിൽ പ്രിയപ്പെട്ടവന്റെ ഓർമയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഹേമയിൽ ശക്തമായി. സഹോദരൻ ഉദയൻ നായരോട് ഈ ആഗ്രഹം പങ്കുെവച്ചു.
ഉദയനാണ് പാവങ്ങൾക്ക് വീട് നൽകുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് എന്ന പദ്ധതിയെപ്പറ്റി ഹേമയോട് പറയുന്നത്. കിൻഫ്രയുടെ ആദ്യത്തെ എം.ഡി.യായി വിരമിച്ചയാളാണ് ഉദയൻ നായർ. പറവൂരിലെ റിസോർട്ടിനോട് ചേർന്നുള്ള 72 സെന്റ് ഭൂമിയിൽ വൃദ്ധസദനംപോലുള്ള സംവിധാനമൊരുക്കുന്നതിനെപ്പറ്റി ഹേമ ആലോചിച്ചിരുന്നു.
ലൈഫിലൂടെ ഒത്തിരി പാവങ്ങൾക്ക് വീട് കിട്ടുമെങ്കിൽ ഭൂമി പദ്ധതിക്കു നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉദയൻ നായർക്കൊപ്പം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി 72 സെന്റ് ഭൂമിയുടെ പ്രമാണം കൈമാറി. പ്രിയതമന്റെ പേരിൽ സ്ഥലം അറിയപ്പെടണമെന്ന ആഗ്രഹവും ഹേമാ ജയചന്ദ്രൻ പ്രകടിപ്പിച്ചു.
Content Highlights: Hema Jayachandran,Life Project