കൊച്ചി:മോൺസൻ മാവുങ്കലിനെതിരായ കേസ് അന്വേഷിക്കുന്നതിൽ ചേർത്തല പോലീസിന് വീഴ്ച പറ്റിയെന്ന് ആലപ്പുഴമുൻഎസ്.പി പി.എസ് സാബു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ താൻ നിർദേശം നൽകിയതെന്നും സാബു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ചേർത്തല സ്റ്റേഷനിൽമോൺസൻ വാദിയായിട്ടുള്ള കേസാണ് വന്നത്. 12 കോടി നൽകാമെന്ന് പറഞ്ഞ് വിന്റേജ് കാറുകൾ വാങ്ങിയ ശ്രീവത്സം ഗ്രൂപ്പ് 6.25 കോടി മാത്രം നൽകി പറ്റിച്ചുവെന്നായിരുന്നുമോൺസന്റെ പരാതി. കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ പന്തളം സ്റ്റേഷനിൽ ശ്രീവത്സം ഗ്രൂപ്പിനെമോൺസൻ കോടികൾ പറ്റിച്ചെന്ന് പരാതിപ്പെട്ടുള്ള മറ്റൊരു കേസുണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ആ കേസുമായി ബന്ധപ്പെടുത്താതെ പുതിയ കേസ്ചേർത്തല പോലീസ്അന്വേഷിച്ചത് പക്ഷാപാതപരമായിട്ടാണെന്ന് വിവരം ലഭിച്ചുവെന്നും സാബു പറഞ്ഞു.
കേസിൽ ചേർത്തല പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായി. ചേർത്തല ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ ഒരുപാട് അപാകതകളുള്ളതായും ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ നിർദേശിച്ചതെന്നും സാബു പറഞ്ഞു.