തിരുവനന്തപുരം
കെപിസിസി നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ രംഗത്ത് വന്നതോടെ വീണ്ടുവിചാരത്തിനൊരുങ്ങി ഹൈക്കമാൻഡ്. സംസ്ഥാന നേതൃത്വത്തിന് മൂക്കുകയറിടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കെപിസിസി, ഡിസിസി പുനഃസംഘടന തിരക്കിട്ട് നടപ്പാക്കരുതെന്ന് താരിഖ് അൻവർ നിർദേശം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ അഭിപ്രായംകേട്ട് മതിയെന്നാണ് നിർദേശം. 30നുള്ളിൽ ഭാരവാഹികളെ കൊണ്ടുവരാൻ ധൃതികാട്ടിയ സുധാകരനും സതീശനും ഇത് തിരിച്ചടിയായി.
പുരാവസ്തു തട്ടിപ്പുകേസ് കെ സുധാകരനെതിരെ ആയുധമാക്കാനാണ് ഇടഞ്ഞുനിൽക്കുന്നവരുടെ തീരുമാനം. ആരോപണവിധേയനായ സുധാകരൻ നയിക്കുന്നതിൽ മുതിർന്ന നേതാക്കൾ വിമുഖതയുണ്ട്. താരിഖ് അൻവറും വി എം സുധീരനുമായി ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ഏറിയ പങ്കും സുധാകരനെതിരായ കുറ്റപത്രമാണ് നിരത്തിയത്. പുതിയ നേതൃത്വത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയത് ദോഷം ചെയ്തെന്ന് ഹൈക്കമാൻഡിന് ബോധ്യപ്പെട്ടതായാണ് മുല്ലപ്പള്ളിയുടെയും സുധീരന്റെയും വിലയിരുത്തൽ. അതിന് അനുസൃതമായ ഇടപെടൽ ഉണ്ടാകുമോ എന്നാണ് ഇവർ ഉറ്റുനോക്കുന്നത്.
മുല്ലപ്പള്ളിയെയും സുധീരനെയും പരമാവധി സഹകരിപ്പിക്കാൻ ശ്രമിച്ചെന്നും ഒഴിഞ്ഞുമാറിയശേഷം ഇപ്പോൾ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്നുമാണ് സുധാകരന്റെ നിലപാട്. എഐസിസി പ്രതിനിധികൾ ഇവരെ വീട്ടിലെത്തി കണ്ടതിൽ അധ്യക്ഷനും പ്രതിപക്ഷ നേതാവും രണ്ട് തട്ടിലുമാണ്. ചർച്ച നടത്തരുതെന്നാണ് സുധാകരന്റെ നിലപാട്. എന്നാൽ, സതീശൻ മറിച്ചാണ് പറഞ്ഞത്. കേരളത്തിലെ സ്ഥിതി സ്ഫോടനാത്മകമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് പ്രതിനിധികൾ. താരിഖ് അൻവർ ഉടൻ റിപ്പോർട്ട് നൽകുമെന്നാണ് കരുതുന്നത്.
വയനാട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട് എത്തുന്നുണ്ട്. കെ സുധാകരനും വി ഡി സതീശനും അദ്ദേഹവുമായി നടത്തുന്ന കൂടിക്കാഴ്ചയിലും തർക്കം ചർച്ചയാകും. പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ നയത്തിന് തുടക്കമിട്ട കോൺഗ്രസ് സമീപനം തിരുത്തണമെന്ന ആവശ്യവും സുധീരൻ താരിഖ് അൻവറിനോട് വ്യക്തമാക്കി. ഇക്കാര്യത്തിൽ സോണിയ ഗാന്ധിക്ക് കത്തയച്ചതും അദ്ദേഹം ഓർമിപ്പിച്ചു.