മഞ്ചേരി
അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്ത് വീണ്ടെടുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. സംസ്ഥാന വഖഫ് ബോർഡ് മഞ്ചേരിയിൽ സംഘടിപ്പിച്ച രജിസ്ട്രേഷൻ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 വർഷങ്ങൾക്ക് ശേഷമാണ് വഖഫ് രജിസ്ട്രേഷൻ അദാലത്തുകൾ സംഘടിപ്പിക്കുന്നത്.
വഖഫ്, ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ ഏഴ് ജില്ലകളിൽ ഇതിനകം സർവേ പൂർത്തിയായി. മറ്റു ജില്ലകളിൽ നടപടി പുരോഗമിക്കുകയാണ്. ജിഐഎസ് മാപ്പിങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. സ്വത്തുക്കൾ അനർഹമായി കൈവശം വയ്ക്കുകയും കൈയേറുകയും ചെയ്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.
വഖഫ് സ്വത്തിന് നിയമപരമായ സംരക്ഷണവും പരിപാലനലും ഉറപ്പുവരുത്താൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം. മുതവല്ലിമാർ, കമ്മിറ്റി ഭാരവാഹികൾ എന്നിവർ ഇതിന് മുൻകൈയെടുക്കണം. വഖഫ് തർക്കങ്ങൾ പരിഹരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് മികച്ച പ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ ഹംസ അധ്യക്ഷനായി.