തിരുവനന്തപുരം
തൊഴിൽ ലഭ്യമാക്കുന്നതിലുപരി, വിദ്യാർഥികളെ തൊഴിൽ ദാതാക്കളായി മാറ്റുംവിധം ഉന്നതവിദ്യാഭ്യാസം അടിമുടി മാറണമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐഎംജിയിൽ ദ്വിദിന ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്കൂൾ വിദ്യാഭ്യാസം അടിസ്ഥാന സൗകര്യത്തിലും അക്കാദമികമായും മുന്നേറി. മാനവീയ വികസന സൂചികയിൽ കേരളം വികസിത രാഷ്ട്രങ്ങൾക്കൊപ്പമാണ്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പുരോഗതിയാണ് നേട്ടത്തിന് അടിസ്ഥാനം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലോചിത മുന്നേറ്റമുണ്ടായോ എന്ന് പരിശോധിക്കണം. ദേശീയ, അന്തർദേശീയ റാങ്കിങ്ങിൽ നമ്മുടെ സ്ഥാപനങ്ങളെയും മുൻനിരയിലെത്തിക്കണം.
തെരഞ്ഞെടുത്ത സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എക്സലൻസ് ആക്കണം. ഇതിനെല്ലാമുള്ള നിർദേശങ്ങൾ ഈ രംഗത്തുള്ളവർ സമർപ്പിക്കണം. സാമ്പത്തികപരിമിതി തടസ്സമാകുമെന്ന് വിചാരിച്ച് ഭാവിപദ്ധതികൾ പരിമിതപ്പെടുത്തരുത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്റർ യൂണിവേഴ്സിറ്റി സ്വയംഭരണ സ്ഥാപനങ്ങളായി 30 മികവിന്റെ കേന്ദ്രം ആരംഭിക്കും. പഠനത്തോടൊപ്പം വരുമാനവും ലക്ഷ്യമിട്ട് ‘ഏൺ ബൈ ലേൺ’ നടപ്പാക്കണം. വിദ്യാർഥികളെ തൊഴിൽദാതാക്കളാക്കാൻ ഇൻക്യുബേഷൻ കേന്ദ്രങ്ങളും സ്റ്റാർട്ടപ് കേന്ദ്രങ്ങളും സർവകലാശാലാ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. പാഠ്യപദ്ധതിയെ സമകാലികമാക്കണം.
‘എമിനന്റ് സ്കോളർ ഓൺലൈനി’ലൂടെ വിവിധ മേഖലയിലെ പ്രഗൽഭരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കണം. സർവകലാശാലകൾ ചുരുങ്ങിയത് 3.5 നാക് ഗ്രേഡ് നേടണം. ഓരോ വകുപ്പും മികവ് പുലർത്തണം–- മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി രാജൻ വർഗീസ് എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. വേണു സ്വാഗതം പറഞ്ഞു.