തിരുവനന്തപുരം
സംസ്ഥാന അധ്യക്ഷനായി പരിഗണിക്കാൻ സാധ്യതയുണ്ടെന്ന പ്രചാരണം വ്യാപകമായതോടെ സുരേഷ്ഗോപിക്കെതിരെയും ബിജെപിയിൽ പടനീക്കം. അമിത് ഷായടക്കമുള്ള ദേശീയ നേതാക്കൾക്ക് സുരേഷ്ഗോപിയിൽ വിശ്വാസമാണെന്ന് അറിഞ്ഞതോടെ പാർടിയിലെ ഇരു ഗ്രൂപ്പിലും എതിർപ്പ് ഉയർന്നു. തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. സുരേഷ്ഗോപിയെ നേരത്തേ വിളിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെയടക്കം പിന്തുണ നേടാൻ സുരേഷ്ഗോപിക്കാകുമെന്ന ചിന്തയും പാർടിയിലെ ഗ്രൂപ്പുകളിൽ പക്ഷംചേരാതെ പ്രവർത്തിക്കുമെന്ന വിശ്വാസവുമാണ് അമിത് ഷായ്ക്കുള്ളത്.
എന്നാൽ, കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൻ സന്തോഷ് വഴി കരുക്കൾ നീക്കുന്നത് സുരേഷ്ഗോപിക്ക് വിനയാകും. അധ്യക്ഷനാകാൻ താൽപ്പര്യമില്ലെന്ന് സുരേഷ്ഗോപി പരസ്യമായി പറഞ്ഞെങ്കിലും ദേശീയ നേതൃത്വം നിർബന്ധിച്ചാൽ ഏറ്റെടുക്കാൻ സന്നദ്ധനാകും.
പാലാ ബിഷപ്പിനെ പെട്ടെന്ന് സന്ദർശിച്ചതും പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതുൾപ്പെടെ പൊതുപരിപാടികൾ വർധിപ്പിച്ചത് സജീവമാകാനുള്ള കേന്ദ്രനിർദേശത്തെ തുടർന്നാണെന്നാണ് സൂചന. സുരേഷ്ഗോപി സജീവമായി പരിപാടികളിൽ പങ്കടുക്കവെയാണ് മുരളീധരനും സുരേന്ദ്രനും പരിഹാസരൂപേണ പ്രതികരിച്ചത്. സുരേഷ് ഗോപി അധ്യക്ഷനാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ‘ഡൽഹിയിൽ തങ്ങുന്നുണ്ട്’ എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ‘ ഭരത് ചന്ദ്രൻ’ സിനിമ സ്റ്റൈലിൽ രാഷ്ട്രീയം കൈകാര്യം ചെയ്യാനാകില്ലെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. മറ്റേതെങ്കിലും സംസ്ഥാനംപോലെയല്ല കേരളം. രാഷ്ട്രീയ വിദ്യാഭ്യാസമുള്ളവരാണ് കൂടുതലും. സുരേഷ്ഗോപി അധ്യക്ഷനായാൽ കാലങ്ങളായി പ്രവർത്തിച്ച് ഉയർന്നുവന്ന നേതാക്കൾക്ക് ക്ഷീണമാകുമെന്നും നേതാവ് പറഞ്ഞു.