രാജാക്കാട്
പുരാവസ്തുക്കളുടെ വിൽപ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കിയിൽനിന്ന്. 95ൽ ഭാര്യക്ക് രാജകുമാരിയിലെ മാനേജ്മെന്റ് സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെയാണ് മോൻസൺ ഇടുക്കിയിൽ എത്തുന്നത്. രാജകുമാരി ടൗണിനോടുചേർന്ന് വികാസ് ഗാർഡൻ കോളനിയിൽ സ്ഥലംവാങ്ങി വീട് നിർമിച്ചു. തുടർന്ന് രാജകുമാരി പഞ്ചായത്ത് ഓഫീസിന് സമീപത്തായി സർവേ സ്കൂൾ ആരംഭിച്ചു.
ഹൈറേഞ്ചിൽ ടെലിവിഷനുകൾ വിരളമായിരുന്ന കാലത്ത് എറണാകുളത്തുനിന്ന് പഴയ ടെലിവിഷനുകൾ എത്തിച്ച് വിൽപ്പന ആരംഭിച്ചു. ഇതിന്റെ പേരിൽ പലരിൽനിന്ന് പണം തട്ടിയെടുത്തു. തുടർന്ന് വാഹനവിൽപ്പന രംഗത്തേക്ക് ചുവടുമാറ്റി. ഹൈറേഞ്ചിലെ സമ്പന്ന കുടുംബങ്ങളുമായും പൊതുപ്രവർത്തകരുമായും ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
അമ്പതിനായിരം മുതൽ രണ്ടരലക്ഷം രൂപവരെ പലരിൽനിന്ന് വാങ്ങി. രേഖകൾ ഇല്ലാത്ത വാഹനങ്ങളാണ് എത്തിച്ചുനൽകിയത്. പണം നൽകിയ ശേഷം വാഹനം ലഭിക്കാത്ത നിരവധിയാളുകളുണ്ട്.
രാജാക്കാട് പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമയ്ക്ക് സ്വർണം എത്തിച്ചുനൽകാം എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. പന്ത്രണ്ട് വർഷത്തോളം രാജകുമാരിയിൽ താമസിച്ചിരുന്ന മോൻസൺ ഭാര്യയുടെ സ്ഥലംമാറ്റത്തോടെയാണ് എറണാകുളത്തേക്ക് താമസംമാറ്റിയത്.
തട്ടിപ്പിന് ബാങ്കിന്റെ വ്യാജ പാസ്ബുക്കും
‘പുരാവസ്തു മ്യൂസിയം’ തുടങ്ങാനുള്ള പണം കണ്ടെത്താൻ മോൻസൺ മാവുങ്കൽ നിക്ഷേപകരെ കാണിച്ചത് വ്യാജ പാസ്ബുക്ക്. എച്ച്എസ്ബിസി(ഹോങ്കോങ് ആൻഡ് ഷാങ്ഹായി ബാങ്കിങ് കോർപറേഷൻ)യുടെ വ്യാജ പാസ്ബുക്കും ബാങ്ക് സ്റ്റേറ്റ്മെന്റുമാണ് നിക്ഷേപകർക്ക് നൽകിയത്.ബാങ്കിൽ 1.35 ലക്ഷം കോടി രൂപയുണ്ടെന്നാണ് ഈ രേഖയിലുള്ളത്. തന്റെ കൈവശമുള്ള പുരാവസ്തുക്കൾ അറബ് രാജകുടുംബാംഗങ്ങൾക്ക് കൈമാറിയപ്പോൾ ലഭിച്ച തുകയാണിതെന്നും വിശ്വസിപ്പിച്ചു. ഫെമ നിയമക്കുരുക്കിൽപ്പെട്ട് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്നായിരുന്നു വാദം. ഇത് വിശ്വസിച്ചാണ് പലരും പണം നൽകിയത്.
മോൻസൺ മാവുങ്കൽ നിർമിച്ച എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ സ്റ്റേറ്റ്മെന്റ്