ശ്രീനഗർ
ജമ്മുവിലെ ഉറി സെക്ടറില് നുഴഞ്ഞുകയറാൻ ശ്രമിച്ച ലക്ഷ്കര് ഭീകരനെ സൈന്യം വധിച്ചു. പത്തൊമ്പതുകാരനായ മറ്റൊരു ഭീകരനെ പിടികൂടി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള അലി ബാബർ എന്ന ഭീകരനെയാണ് പിടികൂടിയത്. ഇയാൾക്ക് പാക് സൈനികർ പരിശീലനം നൽകിയിരുന്നതായാണ് വിവരം. ഏറ്റുമുട്ടലിനിടെ മൂന്ന് സൈനികർക്ക് പരിക്കേറ്റു.
ലഷ്കറിന്റെ നിർദേശപ്രകാരം ഭീകരാക്രമണം നടത്താനാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് അലി ബാബർ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. 2016ൽ ഉറി സൈനിക ക്യാമ്പിൽ ആക്രമണം നടത്താൻ നുഴഞ്ഞുകയറിയ അതേവഴിയിലൂടെയാണ് ഇത്തവണയും ഭീകരർ എത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിര്ത്തിയിലൂടെ നുഴഞ്ഞുകയറിയ ഏഴ് ഭീകരരെ വധിച്ചതായി സൈന്യം പറഞ്ഞു. സൈന്യത്തിന്റെ വെടിവയ്പിൽ നിരവധി ഭീകരര് പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. പാക് സൈന്യത്തിന്റെ സഹായമില്ലാതെ ഇത്രയും ഭീകരര്ക്ക് നുഴഞ്ഞുകയറാന് സാധിക്കില്ലെന്ന് സൈനിക വക്താവ് പറഞ്ഞു.