തിരുവനന്തപുരം
ജിഎസ്ടി നിരക്കുകളുടെ പുനർനിർണയം കീറാമുട്ടിയാകുമെന്ന് വിലയിരുത്തൽ. തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടു നടപ്പാക്കിയ നികുതിയിളവുകളുടെ പുനഃസ്ഥാപനം വൻ പ്രതിഷേധമുണ്ടാക്കുമെന്നാണ് ആശങ്ക. നിരക്ക്- സ്ലാബ് മാറ്റത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രം നിയോഗിച്ച ഏഴംഗ മന്ത്രിതല സമിതിയിൽ സമസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലുമുണ്ട്.
പൂജ്യംമുതൽ 28വരെ അഞ്ചു സ്ലാബിലെ നികുതി നിരക്കാണ് നിലവിലുള്ളത്. പൂജ്യം ശതമാനത്തിൽ കാർഷിക–- ഭക്ഷ്യ ഉൽപ്പന്നങ്ങളുൾപ്പെടെ 183 ഇനം. അഞ്ചുശതമാനത്തിൽ പാക്ക്ഡ് ഫുഡ്, മരുന്നുകൾ, ഭക്ഷ്യ എണ്ണ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. ശീതീകരിച്ച മാംസം, പഴങ്ങൾ, പഴച്ചാറുകൾ, ശീതള പാനീയങ്ങൾ, ട്രാക്ടറുകൾ തുടങ്ങിയവയ്ക്ക് 12 ശതമാനം. നിർമാണ സാമഗ്രികളുൾപ്പെടെ മൂലധന ഉൽപ്പന്നങ്ങൾ, സോപ്പ്, ടൂത്ത് പേസ്റ്റ്, റഫ്രിജറേറ്റർ തുടങ്ങിയവ 18 ശതമാനത്തിലാണ്. എയർ കണ്ടീഷണർ, പ്രൊജക്ടറുകൾ, കാർ, സിമന്റ് തുടങ്ങിയവയ്ക്ക് 28 ശതമാനം. 1031 ഉൽപ്പന്നം അഞ്ചുമുതൽ 28വരെ സ്ലാബിലുണ്ട്. സ്വർണത്തിന് പ്രത്യേകമായി മൂന്നു ശതമാനം നിരക്ക്. സേവനങ്ങളുടെ ജിഎസ്ടിയിലും ഈ തരംതിരിവുണ്ട്.
മൂല്യവർധിത നികുതിയിൽ ആയിരത്തിലേറെയായിരുന്ന നികുതി നിരക്കുകളുടെ തരംതിരിവ് ജിഎസ്ടിയിൽ അഞ്ചാക്കിയത് നികുതി വരുമാന വർധനയെ ബാധിച്ചു. കേന്ദ്ര നികുതി വരുമാനത്തിന്റെ 35 ശതമാനവും സംസ്ഥാന തനതു നികുതി വരുമാനത്തിന്റെ 44 ശതമാനവും ജിഎസ്ടിയിൽനിന്നാണ്. ഇതിന്റെ വളർച്ചാ നിരക്കിലെ കുറവ് സംസ്ഥാനങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി 2018ൽ ജിഎസ്ടിയുടെ ശരാശരി നിരക്ക്14 ശതമാനമായി കണക്കാക്കി. എന്നാൽ നിരക്ക് 14.4ൽനിന്ന് 11.6 ശതമാനത്തിലേക്ക് ഇടിഞ്ഞതായി 2019 സെപ്തംബറിൽ റിസർവ് ബാങ്ക് കണക്കാക്കി. വിവിധ ഘട്ടങ്ങളിലെ കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നികുതി തീരുമാനങ്ങളാണ് ഇതിനിടയാക്കിയത്.
വാറ്റ് കാലയളവിൽ 16 ശതമാനമായിരുന്ന കേരളത്തിന്റെ ശരാശരി നികുതി വളർച്ചാ നിരക്ക് ജിഎസ്ടിയിൽ 11 ശതമാനമായി. എതാണ്ടെല്ലാ സംസ്ഥാനത്തും ഇതേ സ്ഥിതിയാണ്. നിരക്ക് യുക്തിഭദ്രമാക്കാൻ ഇക്കാര്യങ്ങളും മന്ത്രിതല സമിതി പരിഗണിക്കും.