തൃശൂർ
കൊടകരയിൽ കവർച്ച ചെയ്ത ബിജെപി തെരഞ്ഞെടുപ്പുഫണ്ടിൽനിന്ന് വീണ്ടും പണം മോഷ്ടിച്ചതായി മൊഴി. കവർച്ചപ്പണം പങ്കുവയ്ക്കുന്നതിൽ തർക്കം നടന്നതായും മാറ്റിവച്ച പണത്തിൽ 23 ലക്ഷം അടിച്ചുമാറ്റിയതായുമാണ് മൊഴി.കൊടകര ബിജെപി കുഴൽപ്പണക്കേസിൽ പ്രതികളെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പുതിയ വെളിപ്പെടുത്തൽ.
ഒമ്പതാം പ്രതി കോണത്തുകുന്ന് സ്വദേശി ബാബുവിനേയും പതിനൊന്നാം പ്രതി വെള്ളാങ്കല്ലൂർ സ്വദേശി ഷുക്കൂറിനേയുമാണ് തൃശൂർ പൊലീസ് ക്ലബ്ബിൽ വീണ്ടും ചോദ്യം ചെയ്തത്. ബാബുവിന്റെ ഭാര്യയേയും വിളിപ്പിച്ചിരുന്നു. തട്ടിയെടുത്ത കാർ വെട്ടിപ്പൊളിച്ചതും പണം പങ്കിട്ടതും ബാബുവിന്റെ വീട്ടിൽ വച്ചാണ്.
ഏപ്രിൽ മൂന്നിന് പുലർച്ചെ കുഴൽപ്പണം കൊണ്ടുപോയിരുന്ന കാർ തട്ടിയെടുത്ത സംഘം കാറുമായി ബാബുവിന്റെ വീട്ടിലെത്തി. ബാബു കൊടുത്ത കമ്പിപ്പാരയും വെട്ടുകത്തിയും ഉപയോഗിച്ച് വാഹനത്തിന്റെ രഹസ്യ അറ കുത്തിപ്പൊളിച്ചാണ് മൂന്നേകാൽക്കോടി കൈവശപ്പെടുത്തിയത്. ഒന്നാം പ്രതി മുഹമ്മദലി രണ്ട്കോടിയും മൂന്നാം പ്രതി രഞ്ജിത്ത് ഒന്നരക്കോടിയുമെടുത്തു. രഞ്ജിത്ത് അവിടെവച്ചുതന്നെ സംഘാംഗങ്ങൾക്ക് പണം വീതിച്ചു നല്കി. ബാബുവിന് 10 ലക്ഷം ലഭിച്ചു.
വിഹിതം കുറഞ്ഞതിന്റെ പേരിൽ മുഹമ്മദലിയും രഞ്ജിത്തും തമ്മിൽ വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിൽ മുഹമ്മദലി അറിയാതെ രണ്ട് കോടിയിൽനിന്ന് ബാബു 23 ലക്ഷം എടുക്കുകയായിരുന്നു. കവർച്ചയിൽ പങ്കാളിയായ ഷുക്കൂറിൽനിന്നും കൂടുതൽ വിവരങ്ങൾ അന്വേഷക സംഘം ശേഖരിച്ചു. മൂന്നരക്കോടിയിൽ ഇതേവരെ 1.10കോടി രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമാണ് കണ്ടെത്താനായത്. ബാക്കി പണം കണ്ടെത്തുന്നതിന് 22 പ്രതികളിൽ നിന്നും വീണ്ടും തെളിവെടുക്കും.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിന് കർണാടകത്തിൽനിന്നും എത്തിച്ച പണമാണ് കൊടകരയിൽ കവർന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണ് കള്ളപ്പണ ഇടപാട് നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടോയെന്നതും തുടരന്വേഷണത്തിന്റെ ഭാഗമാണ്. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.