തിരുവനന്തപുരം
മോൻസൺ മാവുങ്കലിനെതിരെ കേരള പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ( ഇഡി) നൽകിയ കത്തിൽ തട്ടിപ്പിന്റെ വിശദവിവരവും. ആദ്യം അന്വേഷണം നടത്തിയ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ സഹിതമാണ് പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ മൂന്നു പേജുള്ള റിപ്പോർട്ട് നൽകിയത്. 2020 ഫെബ്രുവരി ആദ്യമാണ് ബെഹ്റ എൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് മിശ്രയ്ക്ക് റിപ്പോർട്ട് നൽകിയത്. മോൻസണ് പൊലീസ് ഓഫീസർമാരുമായുള്ള ബന്ധവും റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു.
മോൻസണിന്റെ പുരാവസ്തുശേഖരം നേരിൽ കണ്ടതോടെയാണ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും സംശയംതോന്നിയത്. മനോജ് എബ്രഹാം സ്വകാര്യമായി നടത്തിയ അന്വേഷണത്തിൽ ചില വിവരങ്ങൾ കിട്ടിയതോടെ ഇന്റലിജന്റ്സ് അന്വേഷണത്തിന് ബെഹ്റയ്ക്ക് കത്ത് നൽകി. തുടർന്നാണ് ഇന്റലിജന്റ്സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ഇഡിക്ക് റിപ്പോർട്ട് നൽകിയത്.
ഇയാളുടെ മെഡിക്കൽ ബിരുദം വ്യാജമാണെന്നും പ്രാഥമിക വിദ്യാഭ്യാസംമാത്രമാണ് ഉള്ളതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ചേർത്തലയിൽ നടത്തുന്ന ‘കോസ്മോസ് ബ്യൂട്ടിക്ലിനി’ക്കിൽ സിനിമാതാരങ്ങൾ നിത്യസന്ദർശകരാണ്. ആഡംബര ജീവിതം നയിക്കുന്ന ഇദ്ദേഹം കൂടുതൽ സമയവും ഡൽഹിയലും വിദേശത്തുമാണ്. 15 ആഡംബര വാഹനം സ്വന്തമായുണ്ട്. 65 ലക്ഷംമുതൽ രണ്ട് കോടിരൂപവരെ വിലവരുന്ന ജർമൻ ഷെപ്പേഡ്, കൊറിയൻ മാസ്റ്റിഫ് നായകളുണ്ട്.
പുരാവസ്തുശേഖരത്തിൽ ഒറ്റത്തടിയിലുള്ള ഗണേശ വിഗ്രഹം, പഞ്ചലോഹത്തിൽ നിർമിച്ച വലിയ നന്ദിയുടെ രൂപം, തിരുവിതാംകൂർ രാജകുടുംബത്തിന്റെ കിരീടം തുടങ്ങിയവയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ വരുമാന സ്രോതസ്സ് അറിയില്ലെന്നും അവ കണ്ടെത്തണമെന്നുമാണ് ഇഡിക്ക് നൽകിയ കത്തിൽ ലോക്നാഥ് ബെഹ്റ അറിയിച്ചത്.
എന്നാൽ, കേരള പൊലീസിന്റെ ഈ കത്തിൽ ഇഡി അന്വേഷണം ആരംഭിച്ചതിന് ഒരു വിവരവുമില്ല. അതിനിടെയാണ് തട്ടിപ്പിന് ഇരയായ ആറുപേർ മോൻസണിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇവ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറുകയും മോൻസൺ അറസ്റ്റിലാകുകയും ചെയ്തു.