തിരുവനന്തപുരം
മരണത്തിന്റെ വക്കിൽനിന്ന് ജീവിതം തിരികെ പിടിച്ചവരാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ. ആരോഗ്യകരമായ ജീവിതം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചശേഷം മറ്റൊരാളുടെ ഹൃദയംകൊണ്ട് ജീവിക്കുന്നവരുമുണ്ട്.
ഒമ്പതുവർഷത്തിനിടെ സംസ്ഥാനത്ത് 63 പേരാണ് പുതുജീവിതം നേടിയത്. മസ്തിഷ്കമരണം സംഭവിച്ചവരുടെ ഹൃദയങ്ങളാണ് ഇവരിൽ മിടിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎൻഒഎസ്) വഴിയാണ് ഇവർ ഹൃദയങ്ങൾ കീഴടക്കിയത്.
2012 ആഗസ്തിൽ ആരംഭിച്ച പദ്ധതിയിലൂടെ ആയിരത്തോളം അവയവങ്ങൾ ദാനം ചെയ്തു. ഇതിൽ മൂന്നാമതാണ് ഹൃദയം. സംസ്ഥാനത്തെ 13 ആശുപത്രിക്കാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്കുള്ള അനുമതി. നാലെണ്ണം സർക്കാർ ആശുപത്രികളാണ്. ഏറ്റവും ഒടുവിൽ കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ (25) ഹൃദയമാണ് ദാനം ചെയ്തത്. ഹൃദയമുൾപ്പെടെ എട്ട് അവയവം നൽകിയത് കഴിഞ്ഞ 25ന്.
വഴിതുറന്ന് ആകാശയാത്ര
മസ്തിഷ്കമരണം സംഭവിച്ചവരുടെ ഹൃദയങ്ങൾ ആശുപത്രികളിലെത്തിക്കാൻ ഹെലികോപ്റ്റർ സംവിധാനം ഉപയോഗപ്പെടുത്തിയത് നിരവധിതവണ. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് കോഴിക്കോട്ടേയ്ക്കും ഹൃദയം എയർലിഫ്റ്റ് ചെയ്തു. ഇതുവരെ ഏഴ് തവണയാണ് സംസ്ഥാനത്ത് എയർലിഫ്റ്റ് സംവിധാനം ഉപയോഗിച്ചത്. അഞ്ചുതവണ എറണാകുളം ലിസി ഹോസ്പിറ്റലിലേക്കും രണ്ട് തവണ കോഴിക്കോട് മെട്രോ ഇന്റർനാഷണലിലേക്കും. *സംസ്ഥാനത്തിനു പുറത്ത് ഹൃദയം കൊണ്ടുപോയത്* 12 തവണ.
കോവിഡും ഹൃദയവും
കോവിഡ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നതാണെങ്കിലും ഹൃദയസംബന്ധിയായ കാരണങ്ങളാലും രോഗം സങ്കീർണമാകാം. ഹൃദയം ദുർബലമാക്കാൻ കോവിഡിന് കഴിയുമെന്നാണ് ഹൃദ്രോഗവിദഗ്ധർ പറയുന്നത്. ഹൃദയപേശികളിലെ നീർക്കെട്ടാണ് കോവിഡ് രോഗികളിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം. ചൈനയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 416 കോവിഡ് ബാധിതരിൽ 20 ശതമാനം പേരിലും ഹൃദയപേശികളിൽ ക്ഷതം കണ്ടെത്തിയിരുന്നു.