കൊച്ചി > പിറവം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ ജില്ലാ കമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുമായ ഷാജു ജേക്കബ്ബിനെ പാർടിയിൽനിന്ന് പുറത്താക്കി. കൂടാതെ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 13 പേർക്കെതിരെയും അച്ചടക്കനടപടി സ്വീകരിച്ചതായി സിപിഐ എം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ സി മോഹനൻ, സി കെ മണിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എൻ സുന്ദരൻ, പി കെ സോമൻ, വി പി ശശീന്ദ്രൻ, വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിൻസെന്റ്, പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി എം സലിം, പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ എം ഐ ബീരാസ്, സാജു പോൾ, ആർ എം രാമചന്ദ്രൻ, കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയിലെ പാർടി അംഗങ്ങളായ അരുൺ സത്യൻ, അരുൺ വി മോഹൻ എന്നിവരെ പാർടിയിൽനിന്ന് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗമായ സി ബി എ ജബ്ബാറിനെ തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.
ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുതോൽവിയെക്കുറിച്ച് അന്വേഷിക്കാൻ രണ്ടു കമീഷനുകളെ നിയോഗിച്ചിരുന്നു. സി എം ദിനേശ്മണി, പി എം ഇസ്മയിൽ എന്നിവർ പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളെക്കുറിച്ചും ഗോപി കോട്ടമുറിക്കൽ, കെ ജെ ജേക്കബ് എന്നിവർ തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളെക്കുറിച്ചുമാണ് അന്വേഷിച്ചത്. അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ ചർച്ച ചെയ്ത് പാർടി ജില്ലാ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അറിയിച്ചു.