കൊച്ചി > വിവാഹ മോചനക്കേസിലെ അപ്പീൽ തീർപ്പാവും മുമ്പ് പുനർ വിവാഹം നടത്തുകയും അപ്പീൽ തള്ളുകയും ചെയ്താൽ കക്ഷികൾക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കില്ലന്ന് ഹൈക്കോടതി. കുടുംബകോടതി ഉത്തരവിനെതിരെയുള്ള അപ്പീലിൽ സ്റ്റേ നിലനിൽക്കെ ഭർത്താവ് വീണ്ടും വിവാഹിതനായെന്ന പരാതിയിൽ ദ്വിഭാര്യത്വത്തിനെതിരെ പൊലിസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് ചക്കുംകണ്ടം സ്വദേശി മനോജ് സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്.
കുടുംബകോടതി ഉത്തരവ് ശരിവെച്ചാൽ, പുനർവിവാഹം അപ്പീൽ സമർപ്പിക്കുന്നതിന് മുൻപോ, അപ്പീൽ തള്ളിയതിനു ശേഷമോ എന്നതിന് പ്രസക്തിയില്ലന്നും ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് 15ന് വിരുദ്ധമല്ലന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. കുടുംബകോടതിയുടെ ഉത്തരവിൽ സ്റ്റേ നിലനിൽക്കുമ്പോഴായിരുന്നു രണ്ടാം വിവാഹം. അപ്പീൽ നൽകാൻ വൈകുകയോ, അപ്പീൽ നിരസിക്കുകയോ ചെയ്താൽ ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടാം വിവാഹത്തിന് തടസമില്ലന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.