അബുദാബി
പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. മൂന്ന് തുടർത്തോൽവിക്കുശേഷമാണ് മുംബൈയുടെ ജയം. അഞ്ചാംസ്ഥാനത്തേക്കുയർന്നു രോഹിത് ശർമയും കൂട്ടരും.
പഞ്ചാബ് ഉയർത്തിയ 136 റൺ വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ മുംബൈ മറികടന്നു. സൗരഭ് തിവാരിയും (37 പന്തിൽ 45) ഹാർദിക് പാണ്ഡ്യയുമാണ് (30 പന്തിൽ 40*) മുംബൈക്ക് ജയമൊരുക്കിയത്. കീറൺ പൊള്ളാർഡ് ബാറ്റിലും പന്തിലും ഒരുപോലെ മിന്നി. രണ്ട് വിക്കറ്റ് വീഴ്ത്തിയ വിൻഡീസുകാരൻ പുറത്താകാതെ ഏഴു പന്തിൽ 15 റണ്ണുമടിച്ചു.
രണ്ട് വിക്കറ്റ് നേടിയ ബുമ്രയും പൊള്ളാർഡുമാണ് പഞ്ചാബിനെ ഒതുക്കിയത്. ഐദെൻ മാർക്രവും (29 പന്തിൽ 42) ദീപക് ഹൂഡയുമാണ് (26 പന്തിൽ 28) പഞ്ചാബിനെ കാത്തത്.