അടൂർ > 25 ലക്ഷം രൂപയുടെ ക്യാമറ മോഷ്ടിച്ച സംഭവത്തിൽ മുഖ്യപ്രതി ഏഴ് ദിവസത്തിനകം അറസ്റ്റിൽ. ലക്ഷങ്ങൾ വിലമതിക്കുന്ന ക്യാമറകൾ ഇയാളിൽനിന്ന് പിടിച്ചെടുത്തു. അടൂർ-കായംകുളം റോഡിൽ അടൂർ സെന്റ് മേരിസ് സ്കാനിങ് സെന്ററിന് സമീപമുള്ള ക്യാമറ സ്കാൻ എന്ന സ്ഥാപനത്തിൽനിന്ന് വിലകൂടിയ ക്യാമറകൾ മോഷ്ടിച്ച കേസിലാണ് മുഖ്യപ്രതി വൈക്കം ഉദയനാപുരം ഷാജാസ് ഭവനിൽ ഷിജാസി(36)നെ അടൂർ പൊലീസ് അറസ്റ്റ്ചെയ്തത്. 20 ന് പുലർച്ചെയായിരുന്നു സംഭവം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്യാമറ സ്കാൻ എന്ന പേരിൽ വില്പനയും സർവീസും നടത്തുന്ന കോട്ടയം പള്ളം സ്വദേശി എബി ജോർജിന്റെ സ്ഥാപനത്തിൽ നിന്നാണ് ക്യാമറകളും വിലകൂടിയ ബാറ്ററികളും ലെൻസുകളും ചാർജറുകളും മോഷ്ടിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി, അഡിഷണൽ എസ്പി കെ രാജൻ എന്നിവർ സ്ഥലംസന്ദർശിച്ചു. പ്രത്യേക അന്വേഷണസംഘം സംഭവ ദിവസം തന്നെ അന്വേഷണം ഏറ്റെടുത്തു. നാനൂറോളം സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം ശേഖരിച്ചു.
പന്തളം കുരമ്പാലയിലുള്ള മൊബൈൽ ഷോപ്പിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി സഞ്ചരിച്ച ബസിനെ സംബന്ധിച്ച സൂചന ലഭിച്ചത്. പ്രതിയെ ഏഴാംദിവസം മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂരിലും ഒറ്റപ്പാലത്തും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
കളമശ്ശേരി, കൊല്ലം, ചെറുതുരുത്തി, പുതുനഗരം, പട്ടാമ്പി, വൈക്കം, ഏലത്തൂർ, കളമശ്ശേരി എടത്തല, തൃശ്ശൂർ ഈസ്റ്റ്, കിഴക്കമ്പലം, മുളന്തുരുത്തി സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളിലും പ്രതിയാണ് എംഎസ്സി ബിരുദധാരിയായ പ്രതി. അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ സിഐ ടി ഡി പ്രജീഷ്, എസ്ഐ എം മനീഷ്, സിപിഒമാരായ സൂരജ്, പ്രവീൺ, രതീഷ് ചന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.