തിരുവനന്തപുരം > സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ കെഎസ്ആർടിസി സർവീസ് നടത്തും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
സ്കൂൾ ആവശ്യപ്പെടുന്നത്രയും ബസ് വിട്ടുനൽകും. സ്കൂൾ അധികൃതരും കെഎസ്ആർടിസിയുമായി ധാരണയുണ്ടാക്കും. കെഎസ്ആർടിസി സർവീസിൽ വിദ്യാർഥികളുടെ സൗജന്യ യാത്രനിരക്ക് പുനസ്ഥാപിക്കാനും തീരുമാനിച്ചു.
2020 ഒക്ടോബർ ഒന്നുമുതൽ സെപ്തംബർ 30 വരെയുള്ള സ്കൂൾ വാഹനങ്ങളുടെ നികുതി ഒഴിവാക്കാൻ ശുപാർശ ചെയ്യും. സ്കൂൾ ബസിന്റെ അറ്റകുറ്റപ്പണി ഒക്ടോബർ 20നകം പൂർത്തിയാക്കും. ഇതിന് ഇരു വകുപ്പും സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനമായി.
യാത്രയ്ക്കുമുമ്പ്
● കോവിഡ് ലക്ഷണം ഉണ്ടെങ്കിൽ യാത്ര ഒഴിവാക്കണം
● എൻ- 95 മാസ്കോ ഇരട്ട മാസ്കോ നിർബന്ധം
● എല്ലാ ബസിലും ഡോർ അറ്റൻഡന്റ്
● ശരീര ഊഷ്മാവ് പരിശോധിക്കണം
● ആകെ സീറ്റിന്റെ പകുതിപ്പേർ മാത്രം
● ജനാലകൾ തുറന്നിടണം
● കർട്ടൺ, സീറ്റ് കവർ തുടങ്ങിയവ ഒഴിവാക്കണം
● ഗതാഗത സുരക്ഷാ ഓഫീസറായി അധ്യാപകൻ വേണം
● ബസ് ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കണം
● ജീവനക്കാർക്കും 2 ഡോസ് വാക്സിൻ നിർബന്ധം
● ഡ്രൈവർമാർക്ക് 10 വർഷ സർവീസ് വേണം