കൊച്ചി > പെരിയാർവാലി ക്രിയേഷൻസിന്റെ ബാനറിൽ സഗിൽ രവീന്ദ്രൻ കഥയെഴുതി സംവിധാനം ചെയ്ത ‘കാടകലം’ ആമസോൺ പ്രൈംമിൽ. പ്രശസ്ത സംവിധായകൻ ബാബുരാജ് അസറിയയുടെ നിർമാണ വിതരണ കമ്പനിയായ കളക്റ്റിവ് ഫ്രെയിംസാണ് ആമസോൺ പ്രൈമിലൂടെ യുകെ, യുഎസ് പ്ലാറ്റ്ഫോമുകളിൽ ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
ജിന്റോ തോമസും സഗിൽ രവീന്ദ്രനുമാണ് തിരക്കഥ. ചിത്രം ഇതിനോടകം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സാനിധ്യം തെളിയിച്ച മാസ്റ്റർ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവർത്തകനുമായ സതീഷ് കുന്നോത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റു താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാടിന്റെ നിലനിനിൽപ്പും ആദിവാസികളുടെ പ്രശ്നങ്ങളും അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രതയുമാണ് ചിത്രത്തിന്റെ പ്രമേയം. ആദിവാസികളും സിനിമയുടെടൊഗമായിട്ടുണ്ട്. ഇടുക്കി ഡാമിന് സമീപം ഉൾവനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും.
ക്യാമറ‐റെജി ജോസഫ്, എഡിറ്റിങ്-അംജാത് ഹസ്സൻ, കല-ബിജു ജോസഫ്, മേക്കപ്പ്‐രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്, പ്രൊഡക്ഷൻ കൺട്രോളർ‐രാജു കുറുപ്പന്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്‐സുബിൻ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ‐ജിന്റോ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ‐സ്വാതിഷ് തുറവൂർ, നിഖിൽ ജോർജ്, വിതരണം‐കളക്റ്റീവ് ഫ്രെയിംസ്, പോസ്റ്റർ ഡിസൈനിങ്‐ഉമർ മുക്താർ. നിലവിൽ ആമസോൺ പ്രൈമിന്റെ യുകെ, യുഎസ് പ്ലാറ്റ്ഫോമുകളിൽ റീലീസായ കാടകലം ഉടനെ ഇന്ത്യയിൽ റിലീസ് ചെയ്യും.